കൊച്ചി: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി മൃഗസംരക്ഷണവകുപ്പ്. എവിടെയെങ്കിലും പക്ഷികൾ കൂട്ടത്തോടെ ചത്തതായി കണ്ടാൽ മൃഗാശുപത്രികളിൽ വിവരം അറിയിക്കണം.
എന്താണ് പക്ഷിപ്പനി
ഇൻഫ്‌ളുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്‌ളുവൻസ അഥവാ പക്ഷിപ്പനി. കോഴി, താറാവ്, കാട, ടർക്കി, വാത്ത, പ്രാവ് തുടങ്ങിയ പക്ഷികളിലെല്ലാം വൈറസ് ബാധയുണ്ടാകാം.
രോഗലക്ഷണങ്ങൾ
താട, പൂവ് എന്നിവയിൽ നീല നിറം, പച്ച കലർന്ന കാഷ്ഠത്തോടു കൂടിയ വയറിളക്കം, മൂക്കിൽ നിന്ന് രക്തം കലർന്ന സ്രവം, കാലുകളിൽചുവപ്പു നിറം. പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന.
മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത
മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകൾക്കുണ്ട്. അതിവേഗത്തിൽ പക്ഷിപ്പനി പകരില്ല. രോഗബാധയേറ്റവരിൽ മരണനിരക്ക് അറുപത് ശതമാനം വരെയാണ്. വൈറസ് ബാധിച്ച സ്ഥലത്തെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ചെയ്തു വരുന്നത്. ഇവയുടെ മുട്ടകൾ കഴിക്കുന്നത് ഉത്തമമല്ല.
നിലവിൽ ജല്ലയിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പുലർത്തണം. കർഷകരും ഫാമുകൾ നടത്തുന്നവരും ആവശ്യമായ ജാഗ്രത എടുക്കണം. തുറന്നുവച്ച പാത്രങ്ങളിലും മലിനജലവും പക്ഷികൾക്കു നൽകരുത്. തീറ്റ അടച്ചു സൂക്ഷിക്കണം.
ഡോ.ടി.ഇന്ദിര,ജില്ല ആനിമൽ ഡിസീസ് കൺട്രോളർ പ്രൊജക്ട് കോഓർഡിനേറ്റർ