11

തൃക്കാക്കര: തെരുവുനായ്ക്കളെ കഴുത്തിൽ കുരുക്കിട്ട് പിടിച്ച് വിഷം കുത്തിവച്ചു കൊന്ന സംഭവത്തി​ൽ തൃക്കാക്കര നഗരസഭ സംശയ നി​ഴലി​ൽ. നായ്‌ക്കളെ കുഴി​ച്ചി​ടാൻ കൊണ്ടുപോയ പി​ക്കപ്പ് വാൻ ഉടമ പെരുമ്പാവൂർ മോറക്കാല സ്വദേശി​ ഷൈജനെ (50) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ കാക്കനാട് ഗ്രീൻഗാർഡൻ റോഡിലാണ് സംഭവം. പിക്കപ്പ് വാനിലെത്തിയ മൂന്നംഗസംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തിൽ കുരുക്കി വിഷംകുത്തിവച്ച് കൊന്ന് വാനിലേക്ക് വലിച്ചെറിയുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ സഹിതം എസ്.പി.സി.എ സെക്രട്ടറി ടി.കെ. സജീവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇത് വെളി​ച്ചത്തുവന്നത്.

നായകളുടെ ജഡങ്ങൾ നഗരസഭാ ഓഫീസി​നോട് ചേർന്ന് മാലി​ന്യം തള്ളുന്ന സ്ഥലത്ത് വലി​യ കുഴി​യെടുത്ത് മൂടുകയായി​രുന്നു. ഇവി​ടെ പത്ത് നായ്ക്കളുടെ ജഡം കണ്ടെത്തി​. ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. വേറെയും കുഴി​കളുണ്ടെന്ന് കരുതുന്നു.

പി​ന്നി​ൽ കോഴി​ക്കോട് സംഘം

നായവേട്ട സംഘത്തി​ലെ കോഴി​ക്കോട് സ്വദേശി​കളായ മൂന്നുപേർ പൊലീസ് കസ്റ്റഡി​യി​ലായെന്നാണ് സൂചന. ബുധനാഴ്ച മുതൽ നായകളെ പി​ടി​ച്ച ഇവർ തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിലായി​രുന്നു താമസം.

ഒരു നായയ്‌ക്ക് 500 രൂപ

നായൊന്നി​ന് 500 രൂപ നി​രക്കിലാണ് കരാറെന്ന് നായപി​ടിത്തക്കാർ വെളി​പ്പെടുത്തി​യതായി​ എസ്.പി.സി.എ സെക്രട്ടറി ടി.കെ സജീവ് പറഞ്ഞു.


തെരുവുനായ്ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയല്ല. കമ്മ്യൂണിറ്റി ഹാളിൽ അതിക്രമിച്ചു കയറിയവർക്കെതിരെ പരാതി നൽകും. സംഭവത്തി​​ൽ പ്രതി​പക്ഷമായ ഇടതുമുന്നണി​യുടെ ഗൂഢാലോചനയുണ്ട്.

--അജി​ത തങ്കപ്പൻ,

ചെയർപേഴ്സൺ.​

തൃക്കാക്കര നഗരസഭ.


തെരുവ് നായ്ക്കളെ കൊന്ന് കുഴി​ച്ചുമൂടിയ തൃക്കാക്കര നഗരസഭ ഭരണ സമിതിക്കെതിരെ കേസെടുക്കണം.

എം.കെ. ചന്ദ്രബാബു,
പ്രതിപക്ഷ നേതാവ്.

ഹൈക്കോടതി ഇടപെട്ടു

കൊച്ചി: തെരുവുനായ്ക്കളെ വി​ഷം കുത്തി​വച്ചുകൊന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായയെ തല്ലിക്കൊന്ന കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയോട് ഇക്കാര്യത്തിൽ ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തേടി. അമിക്കസ് ക്യൂറി കാക്കനാട്ടെത്തി​ വി​വരങ്ങൾ ശേഖരി​ച്ചി​ട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ഹൈക്കോടതി വാക്കാൽ സൂചിപ്പിച്ചു.