കൊച്ചി: എം.ജി സർവകലാശാലയിലെ 2019- 2021 ബാച്ച് എം.ബി.എ വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷകളും ഫല പ്രഖ്യാപനവും അനിശ്ചിതമായി നീളുന്നു. രണ്ട് സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞു. ഒന്നാം സെമസ്റ്ററിന്റെ മൂല്യ നിർണയം പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ, ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മൂന്നും നാലും സെമസ്റ്റർ പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്.
സെമസ്റ്റർ പരീക്ഷയുടെ ഫലം ഇത്രയും വൈകുമ്പോൾ സപ്ലിമെന്ററി പരീക്ഷയും അതിന്റെ ഫല പ്രഖ്യാപനവുമൊക്കെ എന്ന് നടക്കുമെന്നാണ് ആശങ്ക. സെർവർ തകരാർ മൂലമാണ് ഫലം വൈകുന്നതെന്നാണ് വിശദീകരണം. എന്നാൽ എം.എസ്‌സി, എം.സി.എക്കാരുടെയൊക്കെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
പല കോളജുകളിലെയും വകുപ്പ് തലവന്മാർ വൈസ് ചാൻസലറെ നേരിട്ട് കാണ്ടു. വിദ്യാർത്ഥികൾ പ്രതിഷേധവും നടത്തി. എന്നിട്ടും നടപടിയില്ല. വിദ്യാഭ്യാസ ലോണെടുത്ത് പഠനം പൂർത്തിയാക്കിയവരാണ് ഏറെയും.
കോഴ്‌സ് പൂർത്തിയാക്കിയ ഇവർക്ക് തൊഴിൽ അവസരങ്ങൾ കൈയെത്തും ദൂരത്തെത്തിയെങ്കിലും ഫലം പ്രഖ്യാപിക്കാത്തത് തിരിച്ചടിയായി.
എത്രയും വേഗം പരിഹാരം കാണുമെന്ന് വൈസ് ചാൻസലർ വാക്കുതന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യമാണ്. അടിയന്തര പരിഹാരമുണ്ടാകണം.
ഹൈബി ഈഡൻ എം.പി
പാസ് മാർക്ക് റെഗുലേഷനുമായി ബന്ധപ്പെട്ട് വന്ന ചില പ്രശ്‌നങ്ങളാണ് ഫലം വൈകിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഒന്നാം സെമസ്റ്റർ ഫലവും അധികം വൈകാതെ രണ്ടാം സെമസ്റ്റർ ഫലവും പ്രഖ്യാപിക്കും. മറ്റ് സെമസ്റ്റർ പരീക്ഷകളുടെ തീയതിയും വൈകാതെ പ്രസിദ്ധീകരിക്കും.
ശ്രീജിത് മാധവൻ,
പരീക്ഷാ കൺട്രോളർ. എം.ജി.യൂണി.
ഞങ്ങളുടെ ഭാവിയാണ് സർവകലാശാല പന്താടുന്നത്. കടുത്ത നിരാശയിലും ആശങ്കയിലുമാണ്.
ആൻസു.എ.ടൈറ്റസ്, വിദ്യാർത്ഥി
ഒന്നാം സെമസ്റ്റർ പരീക്ഷ നടന്നത് - 2019 നവംബറിൽ
രണ്ടാം സെമസ്റ്റർ പരീക്ഷ നടന്നത് - 2021 ജനുവരിയിൽ
എം.ജിയിൽ 1,200ഓളം എം.ബി.എ വിദ്യാർഥികളാണുള്ളത്.
(വർഷം തോറും എണ്ണത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം)