കാലടി: സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപകനെ അന്യായമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ ഉപവാസസമരം നടത്തി. അസോസിയേഷൻ ഒഫ് ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ബിച്ചു എക്സ്.മലയിൽ ഉദ്ഘാടനം ചെയ്തു. ഡോ. മുരളീധരൻ പിള്ള അദ്ധ്യക്ഷനായി.
ഉത്തരക്കടലാസ് കാണാതായ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു സമരം.
2020 ഡിസംബറിൽ സർവകലാശാല നടത്തിയ എം.എ മൂന്നാം സെമസ്റ്റർ സംസ്കൃത സാഹിത്യ പരീക്ഷയുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. പ്രാഥമിക അനേഷണംപോലും നടത്താതെയാണ് സസ്പെൻഷനെന്നാണ് പരാതി.
ഡോ. സുനിൽ പി. ഇളയിടം, ഡോ. ബിജു വിൻസെന്റ്, സി.എം. മനോജ്കുമാർ, ഡോ.എം.ജി. മുരളീധരരൻ പിള്ള, യൂണിയൻ ഭാരവാഹികളായ ഡോ.കെ.എം. സംഗമേശൻ, ഡോ.പി.വി. ഓമന എന്നിവർ നേതൃത്വം നൽകി. 26 മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.