fg

 നടത്തിപ്പ് കുടുംബശ്രീ വഴി

 16 ലക്ഷം രൂപയുടെ പദ്ധതി

 60 കുടുംബങ്ങങ്ങൾക്ക് ഗുണം

കൊച്ചി: കുട്ടമ്പുഴ പഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ ആടുഗ്രാമമാകും. പഞ്ചായത്തിലെ ആദിവാസികളായ മുതുവാൻ, മണ്ണാൻ വിഭാഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കുടുംബശ്രീ വിതരണം ചെയ്യുന്ന ആടുകളെ വളർത്തി പാലും ഇറച്ചിയും വിറ്റഴിച്ച് ഉപജീവനം കണ്ടെത്തുന്നതാണ് പദ്ധതി.

ആടുഗ്രാമം എന്ന പദ്ധതി ജില്ലയിലെ കോതമംഗലം താലൂക്കിലെ ആദിവാസി വിഭാഗങ്ങൾക്കാണ് ആദ്യം നടപ്പാക്കുന്നത്. ജില്ലാതലത്തിൽ ആദിവാസി വിഭാഗത്തിന് വേണ്ടി കുടുംബശ്രീമിഷൻ ആവിഷ്കരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.

16 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ആടുപരിപാലനത്തിനായി 60 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. ആടിനെയും പശുവിനെയും പോറ്റി പരിചയമുള്ളവർക്ക് മുൻഗണന നൽകി. ഒരു കുടുംബത്തിനായി 30,000 രൂപയാണ് കുടുംബശ്രീ ചെലവഴിക്കുന്നത്. എന്നാൽ ആർക്കും പണം നേരിട്ട് നൽകില്ല. തൂക്കം അനുസരിച്ച് ആട്ടിൻകുട്ടി ഉൾപ്പെടെ മൂന്ന് ആടുകളെ ഓരോരുത്തർക്കും നൽകും. ഇൻഷ്വർ ചെയ്ത ആടുകളാണിത്. എല്ലാത്തിനും കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. തുടക്കകാലത്തേക്കുള്ള തീറ്റയും നൽകും .

 കൊവിഡ് തടസമായി

കൊവിഡ് ഒന്നാം ഘട്ടത്തിന് ശമനമായപ്പോഴാണ് മൃഗസംരക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൃഗസംരക്ഷണ ജീവനക്കാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് പരിശീലനം നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതോടെ പദ്ധതി മന്ദഗതിയിലായി. കൊവിഡും ലോക്ക് ഡൗണും വീണ്ടും വൈകിപ്പിച്ചു.

 നിബന്ധനകളിങ്ങനെ

കുടുബശ്രീ അംഗങ്ങളായ ആദിവാസികളെ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കുടുംബശ്രീ ജില്ലാ നേതൃത്വം ആവശ്യമായ മാർഗനിർദ്ദേശം നൽകും. ആദ്യ രണ്ടുവർഷം ആടുകളെ വിൽക്കാൻ അനുവാദമില്ല. തുച്ഛമായ വിലയ്ക്ക് ആടുകളെ വാങ്ങി ഇവരെ കബളിപ്പിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഈ നിബന്ധന. എന്നാൽ ആട്ടിൻ പാൽ ഇഷ്‌ടാനുസരണം വിൽക്കാം. ആട്ടിൻകുട്ടികളെ വിൽക്കാനും അനുമതിയുണ്ട്

 കൂട് സ്വയം നിർമ്മിക്കും

ആട്ടിൻകൂടുകൾ പണിതു നൽകാൻ തുടക്കത്തിൽ ആലോചനയുണ്ടായിരുന്നു. എന്നാൽ അതിന്റെ ചെലവ് കൂടി കണക്കാക്കിയാൽ ആടുകളുടെ എണ്ണം കുറയ്ക്കണമെന്ന് വന്നതോടെ തീരുമാനം മാറ്റി . മാത്രമല്ല മിക്ക വീടുകളിലും മുള കൊണ്ടുള്ള കൂടുകൾ ഉണ്ടായിരുന്നു. അതു നിർമ്മിക്കാനുള്ള പ്രായോഗിക പരിജ്ഞാനവും അവർക്കുണ്ട്. ഓരോ ആദിവാസി കുടുംബത്തെയും സ്വയം പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പൊന്നി കണ്ണൻ

ജില്ല പ്രോഗ്രാം മാനേജർ

കുടുംബശ്രീ ആദിവാസി പദ്ധതി