a
കേരള പത്രപ്രവർത്തക അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്കലിൽ വായ്മൂടിക്കെട്ടി പ്രതിഷേധം നടത്തുന്നു

കുറുപ്പംപടി: പത്രപ്രവർത്തക അസോസിയേഷൻ അംഗവും കാലടി ക്ലിയർ വിഷൻ കാമറമാനുമായ ഡിബിനെ വാർത്ത ശേഖരിക്കുന്നതിനിടെ മർദ്ദിച്ച സംഭവത്തിൽ അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധം നടത്തി. ഒക്കലിൽ അനധികൃതമായി നിർമ്മാണം നടത്തുന്ന സ്വകാര്യ സൂപ്പർ മാർക്കറ്റിനു മുന്നിലായിരുന്നു പ്രതിഷേധ സമരം നടന്നത്. അനധികൃത നിർമാണമാണ് ഇവിടെ പഞ്ചായത്തിന്റെ ഒത്താശയോടെ നടക്കുന്നത്. ഇതറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ സൂപ്പർ മാർക്കറ്റിനകത്തു നിന്നും മാസ്ക്ക് പോലും ധരിക്കാതെ ഇറങ്ങിവന്നയാൾ ഡിബിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ദൃശ്യങ്ങൾ പകർത്തിയാൽ കൊന്നു കളയുമെന്നും കാമറ എടുക്കുന്ന കൈകൾ രണ്ടുംതല്ലിയൊടിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡിബിൻ പെരുമ്പാവൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഡിബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി അജിത ജെയ്ഷോർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ബിനോയ് കുറുപ്പംപടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബൈജുമേനാച്ചേരി ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ സെക്രട്ടറി യു.യു.മുഹമ്മദ് കുഞ്ഞ്, ജില്ലാ സെക്രട്ടറി കെ.കെ.സുമേഷ്, താലൂക്ക് ട്രഷറർ നാസർ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു .