വാടകയുമില്ല കെട്ടിടം, തുറക്കാനുമാകുന്നില്ല

കൊച്ചി: നിക്ഷേത്തട്ടിപ്പ് കേസിൽപ്പെട്ട് അടച്ചുപൂട്ടിയ പോപ്പുലർ ഫിനാൻസിന് വാടകയ്ക്ക് മുറികൾ നൽകിയ കെട്ടിട ഉടമകൾ പെട്ടു. 2020 ജൂലായ് മുതൽ ഓഫീസുകൾ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ സീൽ ചെയ്തു. പിന്നീടൊരിക്കൽ മുറികൾ തുറന്ന് സാധന സാമഗ്രികൾ കണ്ടുകെട്ടിയ ശേഷം വീണ്ടും മുദ്ര വച്ചു.

കെട്ടിട വാടകയുമില്ല, മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാനുമാകുന്നില്ല, സ്വന്തം ആവശ്യങ്ങൾക്ക് പോലും തുറക്കാനാകുന്നില്ല. ചില കടമുറികളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട സമയ കഴിഞ്ഞിട്ടും സാധിക്കുന്നില്ല. കേരളത്തിലാകെ 274ഉം ജില്ലയിൽ 10ഉം ശാഖകളാണ് പോപ്പുലർ ഫിനാൻസിനുണ്ടായിരുന്നത്. എറണാകുളത്ത് കളമശേരി, വൈറ്റില, പാലാരിവട്ടം,കലൂർ, നെട്ടൂർ, തൃപ്പൂണിത്തുറ, പള്ളുരുത്തി തുടങ്ങിയ ഇടങ്ങളിലാണ് കെട്ടിടങ്ങൾ.

ഉടമകളിൽ ചിലർക്ക് ഈ കെട്ടിടവാടകയായിരുന്നു ഏക വരുമാനമാർഗം. 25,000 മുതൽ 30,000 വരെയായിരുന്നു വാടക. കടമുറികൾ തുറക്കാൻ അനുവദിക്കണമെന്ന് റവന്യൂ, പൊലീസ് അധികാരികളോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

മജിസ്‌ട്രേറ്റ് കോടതികൾ മുതൽ ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും കേസ് ഇതുവരെ പരിഗണനയ്ക്കു വന്നില്ല. കൊവിഡിൽ സ്വന്തം തൊഴിലും വ്യവസായവുമെല്ലാം പ്രതിസന്ധിയിലായപ്പോൾ ഈ ഉടമകൾ പ്രതീക്ഷയർപ്പിച്ചിരുന്നത് തങ്ങളുടെ കെട്ടിടങ്ങളുടെ വാടക തുകയിലായിരുന്നു. അതാണ് പോപ്പുലർ തട്ടിപ്പിൽ തട്ടിത്തെറിച്ചത്.

 വാടക മുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ജീവിതമാർഗമാണ്. അടിയന്തരമായി എന്തെങ്കിലും നടപടികളുണ്ടാകണം.

റോസി ജേക്കബ്, വൈറ്റില

 തട്ടിപ്പു നടത്തിയവരാണ് ശിക്ഷിക്കപ്പെടേണ്ടത്. കെട്ടിടം വാടകയ്ക്ക് നൽകിയ ഞങ്ങളെ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളിൽ നിന്നും ഒഴിവാക്കണം.

സുരേഷ് കളമശേരി

 പോപ്പുലർ ഫിനാൻസിന്റെ വാടകകാലാവധി കഴിഞ്ഞ ശേഷം ഹോമിയോ ക്ലിനിക്ക് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. എല്ലാം വൃഥാവിലായി. പ്രശ്‌നം എത്രയും വേഗത്തിൽ പരിഹരിക്കണം.

ഡോ. നിതിൻ, തൃപ്പൂണിത്തുറ.