ആലുവ: 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ ഈ അടുത്ത കാലത്ത് ഭൂചലനങ്ങൾ കൂടി വരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നതിനാൽ കേരള സർക്കാർ ഈ വിഷയത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സേവ് കേരള ബ്രിഗേഡ് (എസ്.കെ.ബി) ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.കെ.ബിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട സമരമുറ്റം കാമ്പയിൻ നാളെ നടക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ ജൂലായ് ആറിന് അനുഭവപ്പെട്ട 3.4 തീവ്രതയുള്ള ഭൂചലനം ആശങ്കയുളവാക്കുന്നതാണെന്നും മധ്യകേരളത്തിലെ ഒന്നരക്കോടി ജനങ്ങളുടെ ജീവനും സ്വത്തും ഏതുനിമിഷവും ഇതുപോലുള്ള ഭൂചലനത്തിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും യോഗം സർക്കാരിന് മുന്നറിയിപ്പു നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്നാം സമരമുറ്റം പ്രതിഷേധം സംഘടിപ്പിക്കുന്നത്. എല്ലാവരും അവരവരുടെ വീടിനു മുന്നിൽ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി നിന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുക്കണമെന്നു സെക്രട്ടറി ഷാനവാസ് ആലുവ അഭ്യർത്ഥിച്ചു.