jiju

കൊച്ചി: ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിന്റെ പങ്കാളിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജഗതി സ്വദേശി ജിജു ഗിരിരാജിനെ (32) ഇന്നലെ ഉച്ചയോടെ തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

അനന്യയുടെ മരണത്തിൽ മനംനൊന്താണ് ജിജു ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഹെയർ സ്റ്റൈലിസ്റ്റാണ്. തിരുവനന്തപുരത്ത് ബ്യൂട്ടി പാർലർ നടത്തി വന്നിരുന്ന ജിജു നാലുമാസം മുമ്പാണ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതൽ അനന്യയ്ക്കൊപ്പം ഇടപ്പള്ളിയിലെ ഫ്ളാറ്റിലായിരുന്നു താമസം. ഈ മാസം 20ന് അനന്യയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ആദ്യംകണ്ടത്, ഭക്ഷണം വാങ്ങാൻ പുറത്തുപോയിവന്ന ജിജുവാണ്. അനന്യയുടെ സംസ്‌കാര ചടങ്ങുകൾക്കുശേഷം കഴിഞ്ഞദിവസം വൈകിട്ടാണ് ജിജു തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്.

ഇന്നലെ രാവിലെ വീട്ടിലുള്ളവർ പുറത്ത് സാധനം വാങ്ങാൻപോയ സമയത്താണ് ആത്മഹത്യ. അനന്യയുടെ മരണത്തെത്തുടർന്ന് രണ്ടുദിവസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മരട് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇരുവരുടെയും മരണങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ വിദഗ്ദ്ധസംഘം ഇന്നലെ യോഗം ചേർന്നിരുന്നു. റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന.