കൊച്ചി: കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ. ടി.സി, പ്രൈവറ്റ് ബസ് , ടാക്‌സി , ഓട്ടോ സംവിധാനങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗര ഗതാഗത രംഗത്ത് നാഴികക്കല്ലാകുന്ന സ്വപ്നപദ്ധതി കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓപ്പൺ കൊച്ചി നെറ്റ് വർക്ക് വെബ്‌സൈറ്റ്, ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ, കൂടാതെ ടാക്‌സി ഡ്രൈവർമാർക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓൺലൈൻ സംവിധാനമായ യാത്രി മൊബൈൽ ആപ്ലിക്കേഷൻ എന്നിവയും ഉദ്ഘാടനം ചെയ്തു.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെ.എസ്.ആർ. ടി.സിയെ നവീകരിക്കാനുള്ള പ്രവർത്തങ്ങൾ ആരംഭിച്ചു. അതോടൊപ്പം ഹരിത ഗതാഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 1000 ബസുകൾക്ക് സി.എൻ.ജി. ഇന്ധനമാക്കും. ജലഗതാഗതത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്. കോവളം -കൊല്ലം, കൊല്ലം- കോട്ടപ്പുറം ജലപാത നവീകരണം പുരോഗമിക്കുകയാണ്. സ്വപ്ന പദ്ധതിയായ കോവളം - ബേക്കൽ ജലപാത യാഥാർത്ഥ്യമാക്കി വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഒരു വർഷത്തെ കർമ്മ പദ്ധതി കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കൈമാറി.

 കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക്

നഗരഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനവും പരസ്പരബന്ധിത പ്രവർത്തനവും ഉറപ്പാക്കുന്നതിനുമായി രാജ്യത്ത് ആദ്യമായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് യാഥാർത്ഥ്യമായത്. ഇതിലൂടെ ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് സംവിധാനത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നഗരപരിധിയിലെ എല്ലാ യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കുവാനും ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും.