കൊച്ചി: ബി.എം.എസ് 66-ാം സ്ഥാപനദിനം എറണാകുളം ജില്ലയിൽ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സേവനപ്രവർത്തനങ്ങൾ, കുടുംബസംഗമങ്ങൾ, കൊവിഡ് ബാധിച്ച് മരണമടഞ്ഞ ബി.എം.എസ് അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് സഹായനിധി വിതരണം, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സാ സഹായനിധി വിതരണം എന്നിവ സംഘടിപ്പിച്ചു. ജില്ലയിൽ 17 മേഖലകളിലായി 1000 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. 500 സ്ഥലങ്ങളിൽ സേവനപ്രവർത്തനങ്ങൾ നടത്തി. കൊച്ചി റിഫൈനറിയുടെ മുന്നിൽ ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ പതാക ഉയർത്തി. പള്ളുരുത്തിയിൽ ബി.എം.എസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് നിർവഹിച്ചു. വൈപ്പിൻ ചെറായിയിൽ ഹെഡ്‌ലോഡ് യൂണിറ്റിൽ ജില്ലാ ഖജാൻജി കെ.എസ്. ശ്യാംജിത്ത്, തൃപ്പൂണിത്തുറ ഹെഡ്‌ലോഡ് യൂണിറ്റിലും കളമശേരി അപ്പോളോ ടയേഴ്‌സിലും ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. ശ്രീവിജി, പെരുമ്പാവൂർ മുടക്കുഴ ഹെഡ്‌ലോഡ് യൂണിറ്റിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. പ്രദീപ്കുമാർ, ആലുവ മിനി സിവിൽസ്റ്റേഷനു മുന്നിൽ ജില്ലാ ഉപാദ്ധ്യക്ഷൻ കെ.എ. പ്രഭാകരൻ, അങ്കമാലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ജില്ലാ ഉപാദ്ധ്യക്ഷൻ ഇ.ജി. ജയപ്രകാശ് എന്നിവർ പതാക ഉയർത്തി.