കളമശേരി: ജീവനെപ്പോലെ കരുതിയിരുന്ന തന്റെ ഫോട്ടോ സ്റ്റുഡിയോയുടെ സീലിംഗ് കോൺക്രീറ്റടക്കം അടർന്നുവീണ് ഉപകരണങ്ങൾ നശിച്ചതോടെ സ്റ്റുഡിയോ എന്ന തന്റെ സ്വപ്നത്തിന് പൂട്ട് വീണ ദുഖത്തിലാണ്, ഫാക്ടിലെ മുൻജീവനക്കാരനും ഫോട്ടോഗ്രാഫറുമായ മോഹനൻ. ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിന്റെ വാടക മുറിയിലായിരുന്നു, മോഹനന്റെ സ്റ്റുഡിയോ. സീലിംഗ് വീണ് നശിച്ച ഉപകരണങ്ങൾ പുന:സ്ഥാപിക്കാനോ അറ്റകുറ്റപണികൾ നടത്താനോ പൈസ മുടക്കാൻ ഇല്ലാത്തതിനാൽ സ്റ്റുഡിയോ പൂട്ടി താക്കോൽ കമ്പനിയുടെ എസ്റ്റേറ്റ് മാനേജരെ ഏല്പിച്ചു.
ഫോട്ടോഗ്രാഫറെന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണ് മോഹനൻ. സമ്പൂർണ രാമായണം , കൃഷ്ണനാട്ടം എട്ട് കഥകൾ , നളചരിതം തുടങ്ങിയവയുടെ ആയിരക്കണക്കിന് കഥകളി ചിത്രങ്ങൾ ഒരുക്കുകയും ധാരാളം പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. പ്രമുഖ പത്രങ്ങളിലെല്ലാം മോഹനൻ എടുത്ത ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷ്ണനാട്ടം എട്ട് കഥകൾ ആൽബമാക്കി ഗുരുവായൂരമ്പലത്തിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നൽകിയിട്ടുണ്ട്. ഫാക്ടിന്റെ രണ്ടു ഡോക്യൂമെന്ററികൾ ചെയ്തിട്ടുണ്ട്. മോഹനന്റെ മകൻ അരുൺ ചെയ്ത ഡോക്യുമെന്ററിക്ക് ഫാക്ട് അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു.