കൊച്ചി: കുടുംബകലഹത്തിന്റെ പേരിൽ അനന്തരവനെ കുടുക്കാൻ അതീവരഹസ്യം വെളിപ്പെടുത്തിയ അമ്മാവന്മാരും അഴിക്കുള്ളിലാകും. വ്യാജരേഖകൾ ചമച്ച് ഒന്നരവർഷത്തോളം കൊച്ചി കപ്പൽശാലയിൽ ജോലിചെയ്ത അഫ്ഗാൻ പൗരൻ ഈദ്ഗുൽ (23) അറസ്റ്റിലായ കേസിൽ ഇയാളുടെ മാതാവിന്റെ സഹോദരങ്ങളെയും പൊലീസ് പ്രതിചേർക്കും.

ഇവരുടെ സഹായത്തോടെയാണ് ഈദ്ഗുൽ കപ്പൽശാലയിൽ ജോലി തരപ്പെടുത്തിയത്. ഇതിനായി അസമിൽനിന്ന് അബ്ബാസ് എന്ന പേരിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജആധാർ കാർഡടക്കം രേഖകൾ ഉണ്ടാക്കിക്കൊണ്ടുവന്നു. ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് ഇവ‌ർക്ക് പണിയായത്. ഇവരെ വിശദമായി ചോദ്യംചെയ്യുമെന്ന് സൗത്ത് സി.ഐ ഫൈസൽ പറഞ്ഞു. ഇവരുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

അഫ്ഗാനിൽനിന്ന് 2018ൽ മെഡിക്കൽ വീസയിൽ ഇന്ത്യയിൽ എത്തിയ ഈദ്ഗുൽ മാതാവ് ദലീറോ ബീഗത്തിന്റെ അസമിലെ കുടുംബവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇംഗ്ളീഷ് ഉൾപ്പെടെ അഞ്ചുഭാഷകൾ അനായാസം കൈകാര്യം ചെയ്യും.

തന്ത്രപധാന മേഖലയിൽ പുറംകരാർ ജോലികൾക്കായി തൊഴിലാളികളെ എടുക്കുന്നതിൽ കപ്പൽശാലയ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായാണ് പൊലീസിന്റെ വിലയിരുത്തൽ. കപ്പൽശാലയിൽ നാവികസേനയുടെ വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ സുരക്ഷ കർശനമാണ്. വിമാനവാഹിനിയിൽനിന്ന് 2019 സെപ്തംബർ 17ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ മോഷണം പോയതും വലിയ വിവാദമായതാണ്. രണ്ട് അന്യസംസ്ഥാന പെയിന്റിംഗ് തൊഴിലാളികളെ പിടികൂടുകയുംചെയ്തു. എന്നിട്ടും കരാർ തൊഴിലാളികളുടെ പശ്ചാത്തലം ശരിയായി പരിശോധിക്കുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലിചെയ്തത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നത്.