കൊച്ചി: ശക്തമായ മഴ പെയ്താൽ നഗരത്തിൽ പതിവായുണ്ടാകുന്ന വെള്ളക്കെട്ട് ദുരിതത്തിൽ തുടർച്ചയായി ഹൈക്കോടതി ഇടപെടുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗം തിങ്കളാഴ്ച ചേരും. വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷൻ വകുപ്പ് നടത്തിയ പഠന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും.
പഠിച്ച പണിയൊക്കെ നോക്കിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പ് പഠനം നടത്തുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ കൗൺസിൽ ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നും കോർപ്പറേഷൻ കഴിഞ്ഞയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. നഗരസഭയ്ക്ക് ഫണ്ടില്ലാത്തതിനാൽ പേരണ്ടൂർ കനാൽ ശുചീകരണം ഇറിഗേഷൻ വകുപ്പിനെ ഏല്പിക്കണമെന്നും കോർപ്പറേഷൻ സെക്രട്ടറി നൈസാം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട് ചർച്ച ചെയ്ത് കൗൺസിൽ ഫലപ്രദമായ തീരുമാനങ്ങളെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
പ്രതിരോധങ്ങൾ പാളി
വെള്ളക്കെട്ട് നിവാരണത്തിന് വിശദമായ ഡ്രെയിനേജ് പദ്ധതി തയ്യാറാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരി 12 ന് ചേർന്ന യോഗത്തിൽ മേയർ എം. അനിൽകുമാർ പ്രഖ്യാപിച്ചിരുന്നു. കോർപ്പറേഷൻ പരിധിയിലെ ഡ്രെയിനേജ്, കനാൽ നവീകരണപ്രവർത്തനങ്ങൾക്കായി എസ്റ്റീം ഡെവലപ്പേഴ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് നിവാരണപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം പറഞ്ഞത്.
സ്‌മാർട്ട്സിറ്റി 10 കോടി നൽകും
വെള്ളക്കെട്ടു നിവാരണത്തിനായി പത്തു കോടി രൂപ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരും ജർമ്മൻ, ഫ്രഞ്ച് ഏജൻസികളും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓരോ ഡിവിഷനിലെയും വെള്ളക്കെട്ട് പ്രദേശങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങൾ സംബന്ധിച്ചും കൗൺസിലർമാർ അതാത് അസിസ്റ്റൻഡ് എക്‌സിക്യൂട്ടീവ് എൻജിനിയർമാർക്ക് റിപ്പോർട്ട് നൽകണം. എൻജിനിയർമാർ ഇത് ക്രോഡീകരിച്ച് കോർപ്പറേഷന് കൈമാറണം. ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥർ സർവേയും പഠനങ്ങളും നടത്തി റിപ്പോർട്ട് മരാമത്ത് സ്ഥിരംസമിതിക്ക് നൽകും. പഠനങ്ങൾക്ക് കുസാറ്റ്, എം.ജി.യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സഹായവും തേടുമെന്നും നഗരസഭ അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം ഘട്ടത്തിന്റെ വരവോടെ പ്രവർത്തനങ്ങൾ പാളി. മഴ വീണ്ടും കനത്ത സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളിൽ നിന്നുള്ള പ്രതിഷേധവും കോടതിയിൽ നിന്ന് പ്രതികൂല പരാമർശവും ഉയരുമെന്ന മുൻകരുതലിലാണ് അടിയന്തര നടപടികൾക്ക് പ്രത്യേക കൗൺസിൽ യോഗം ചേരുന്നത്.