കൊച്ചി: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ദീപശിഖ പ്രയാണം നടത്തി. ചിയർഫോർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടനം എറണാകുളം ഗാന്ധി പാർക്കിൽ ഒളിമ്പ്യൻ കെ.എം. ബിനു ദീപശിഖ കായിക താരങ്ങൾക്ക് കൈമാറി നിർവഹിച്ചു. ദീപശിഖ അർജ്ജുന അവാർഡ് ജേതാവ് ജോർജ് തോമസ് ഏറ്റുവാങ്ങി. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാഹുൽ ഹമീദ്, മേരി ഫെമി ലൂയിസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജെ.ആർ. രാജേഷ്, ജോയ് പോൾ എന്നിവർ സംസാരിച്ചു.