ഇന്ത്യാ ബുക്ക്‌സ് ഒഫ് റെക്കാഡ്‌സിന്റെ അംഗീകാരം
ആലുവ: ചിത്രകലാകാരനായ ആദർശിന്റെ ആയുധം ഇലയും മൂർച്ചയുള്ള കത്തിയുമാണ്. ഒടുവിൽ കാൻവാസും പെയിന്റും ബ്രഷുമില്ലാതെ ആദർശ് സ്വന്തമാക്കിയത് ഇന്ത്യാ ബുക്ക്‌സ് ഒഫ് റെക്കാഡ്‌സിന്റെ അംഗീകാരം.
ഇന്ത്യയിലെ പത്ത് പ്രമുഖ കായിക താരങ്ങളുടെ ചിത്രം പ്ളാവിലയിൽ തീർത്താണ് ആലുവ ദേശം - പുറയാർ വെങ്ങോലക്കുന്ന് ആലുങ്ങപ്പറമ്പിൽ കുഞ്ഞുമോന്റെ മകൻ ആദർശ് ഇന്ത്യാ ബുക്ക്‌സ് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയത്. ലീഫ് ആർട്ട് വിഭാഗത്തിലാണ് അംഗീകാരം. പെയിന്റിംഗ് കലാകാരനായിരുന്ന ആദർശ് നിമിഷങ്ങൾക്കുള്ളിലാണ് ഇലയിൽ ചിത്രം തയ്യാറാക്കുന്നത്. കായിക താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, മേജർ ധ്യാൻചന്ദ്, പുല്ലേല ഗോപിചന്ദ്, സാനിയ മിർസ, വിശ്വനാഥൻ ആനന്ദ്, മിൽഖസിംഗ്, മേരി കോം, ലിയാണ്ടർ പയസ്, പി.ടി. ഉഷ, അഭിനവ് ബിന്ദ്ര എന്നിവരുടെ ചിത്രങ്ങളാണ് തയ്യാറാക്കിയത്.
സോഷ്യൽ മീഡിയയിലെ വീഡിയോകളാണ് ആദർശിനെ ലീഫ് ആർട്ടിലേയ്ക്ക് ആകർഷിച്ചത്. ആദ്യം തയ്യാറാക്കിയത് ചെഗുവേരയുടെ ചിത്രമാണ്. വിജയകരമായെന്ന് തോന്നിയതോടെയാണ് കൂടുതൽ ചിത്രം വരച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, രക്തസാക്ഷി അഭിമന്യു എന്നിവരുടെ ചിത്രങ്ങളും ശ്രദ്ധേയമായി. പിന്നീട് കലാ, സാഹിത്യ, സാംസ്കാരിക, സിനിമാ, രാഷ്ട്രീയ രംഗങ്ങളിലുൾപ്പടെയുള്ള നിരവധി പേരുടെ ചിത്രങ്ങൾ ഇലയിൽ തെളിഞ്ഞു.
കായിക മേഖലയിലും ശ്രദ്ധേയനാണ് ആദർശ്. വെയ്റ്റ് ലിഫ്റ്റിംഗിൽ 2020ലെ എറണാകുളം ജില്ലാ 19പ്ലസ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യ അഞ്ച് റാങ്കിലുമുണ്ട്. കണ്ണൂർ തോട്ടങ്കര ഗവ. പോളിടെക്‌നിക്കിലെ രണ്ടാം വർഷ ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് ഡിപ്ലോമ വിദ്യാർത്ഥിയാണ്. സജീവ എസ്. എഫ്.ഐ പ്രവർത്തകനും. അച്ഛൻ കുഞ്ഞുമോൻ ചുമട്ടുതൊഴിലാളിയാണ്. നാടൻപാട്ട് കലാകാരിയാണ് മാതാവ് രമ. ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ വിദ്യാർത്ഥിനി അപർണ്ണ സഹോദരിയാണ്.
.