bypass
കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച ശേഷം ബൈപാസ് റോഡ് നന്നാക്കണണെനെന്ന് ആവശ്യപ്പെട്ട് പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പുട്ടുങ്കൽകുത്തിയിരിപ്പ് സമരം നടത്തുന്നു. .

മൂവാറ്റുപുഴ: ഇ.ഇ.സി മാ‌ക്കറ്റ് ജംഗ്ഷൻ - കീച്ചേരിപടി ബൈപാസ് റോഡിലെ യാത്ര ദുരിതത്തിന് അധികാരികൾ പരിഹാരം കാണുമോ? നഗരത്തിലെ ഇ. ഇ.സി മാർക്കറ്റ് - കീച്ചേരിപടി ബൈപാസ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി രൂപപെട്ട വൻഗർത്തം ആര് അടയ്ക്കുമെന്ന നഗരസഭ, പൊതുമരാമത്ത് വകുപ്പുകളുടെ തർക്കം തുടരുന്നതിനിടെ ശനിയാഴ്ച രാവിലെയും ബൈക്ക് കുഴിയിൽ വീണ് യാത്രികർക്ക് പരിക്കേറ്റു. ഇതോടെ ഒരാഴ്ചക്കിടെ കുഴിയിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണം പത്തായി.

സ്റ്റേഡിയത്തിനു സമീപം ഇ.ഇ.സി മാർക്കറ്റ് നിർമാണവുമായി ബന്ധപെട്ട് കാൽ നൂറ്റാണ്ടു മുമ്പ് നഗരസഭ നിർമ്മിച്ചതാണ് വെള്ളൂർ കുന്നം - ഇ.ഇ.സി മാർക്കറ്റ് - കീച്ചേരിപടി ബൈപാസ് റോഡ്. ഇതിന്റ ഒരു ഭാഗം പൊതുമരാമത്തുവകുപ്പിന്റ കീഴിലുമാണ്.

കഴിഞ്ഞയാഴ്ച വൻ ഗർത്തത്തിൽ മുന്നറിയിപ്പ് സംവിധാനം ഒരുക്കി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ അഞ്ച് ദിവസം മുമ്പ് മുന്നറിയിപ്പു സംവിധാനം മാറ്റുകയും ചെയ്തു. തുടർന്നും അപകടങ്ങൾ പതിവാകുകയായിരുന്നു . ഇതിനിടെ ഗർത്തം വലുതായി റോഡിന് മധ്യഭാഗത്ത് എത്തുകയും ചെയ്തു.

റോഡ് നന്നാക്കുന്നതിനെ ചൊല്ലി തർക്കം

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകരുമ്പോൾ നന്നാക്കുന്നതിനെ ചൊല്ലി നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കാറുണ്ട്. ഹനുമാൻ കൊവിലിനു സമീപം വളവിൽ മൂന്നു മാസം മുമ്പ് കുടിവെള്ളെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൻ ഗർത്തം രൂപപെട്ടത് നന്നാക്കുന്നതിനെ സംബന്ധിച്ചും തർക്കമാണ് ഇപ്പോഴുള്ളത്. ഒടുവിൽ പൗരസമിതി പ്രവർത്തകർ കുഴിയടച്ചാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് തടി ലോറി വന്ന് ഇവിടെ താഴ്ന്നു വീണ്ടും വൻഗർത്തം രൂപപെട്ടതോടെയുയർന്ന ജനരോക്ഷത്തിന് ഒടുവിൽ വാട്ടർ അതോറിറ്റിയുടെ കരാർ പണിക്കാർ കുഴി കോൺക്രീറ്റ് ചെയ്തു പ്രശ്നം പരിഹരിച്ചു. മഴയാരംഭിച്ചതോടെ ഒരു മാസം മുമ്പ് വീണ്ടും വൻ കുഴി രൂപപെട്ടു. ഇതോടെ ദിവസേന ഇരുചക്ര വാഹന യാത്രികർ കുഴിയിൽ വീണ് അപകടം പറ്റുന്ന വാർത്താക്ക് പുതുമ ഇല്ലാതായി.

കുഴിയിൽ കുത്തിയിരിപ്പു സമരം നടത്തി

വ്യാഴാഴ്ച രാവിലെ വൃദ്ധരായ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് ഇവർക്ക് പരിക്ക് പറ്രിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ വെള്ളിയാഴ്ച രാവിലെ നാട്ടുകാർ ചേർന്ന് വലിയൊരു കോൺക്രീറ്റ് തൂൺ ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്. തുടർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു. കുഴി കോൺക്രീറ്റ് ചെയ്തു മൂടണം എന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പുട്ടുങ്കൽ കുഴിയിൽ കുത്തിയിരിപ്പു സമരവും നടത്തി.