തൃപ്പൂണിത്തുറ: പേട്ടപ്പാലത്തിൽനിന്ന് ഇന്നലെ ആരോ പുഴയിലേക്ക് ചാടിയെന്ന സംശയത്തെത്തുടർന്ന് ഫയർഫോഴ്സും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പുരുഷന്മാർ ധരിക്കുന്ന ഒരുജോഡി ചെരുപ്പ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാലത്തിനുമുകളിൽ കിടക്കുന്നതുകണ്ട ഒരാളാണ് സംശയംതോന്നി മരട് പൊലീസിലും തൃപ്പൂണിത്തുറ ഫയർഫോഴ്സിലും അറിയിച്ചത്. തുടർന്ന് സ്കൂബടീമെത്തി തെരച്ചിൽ തുടങ്ങി. ഇതിനിടെ ഇതുവഴി കടന്നുപോയ തഹസിൽദാർ രഞ്ജിത്ത് ജോർജ് ആൾക്കൂട്ടം കണ്ട് ഇറങ്ങി. തുടർന്ന് വില്ലേജ് ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തൃപ്പൂണിത്തുറ ഫയർസ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ, ഫോർട്ടുകൊച്ചി യൂണിറ്റിലെ സ്കൂബ സംഘമാണ് തെരച്ചിൽ നടത്തിയത്. രണ്ട് കിലോമീറ്ററോളം വൈകിട്ട് ഏഴു മണി വരെ തെരച്ചിൽ നടത്തി മടങ്ങി. ഇന്നും തെരച്ചിൽ തുടരും. ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.