കൊച്ചി: കലൂരിൽ ബാങ്ക് മാനേജരുടെ വീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ ഒന്നുറപ്പായി. പൊലീസിന്റെ ഓട്ടം ഇനി മഴക്കാല കള്ളൻമാരുടെ പിന്നാലെയായിരിക്കും. കൊവിഡിന്റെ പ്രത്യേക സാഹചര്യമുണ്ടെങ്കിലും മഴയുടെ മറപിടിച്ച് കവർച്ചയ്ക്കിറങ്ങുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമെന്നാണ് ഇന്നലത്തെ സംഭവത്തോടെ പൊലീസ് കരുതുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടു കള്ളൻമാർ ഉൾപ്പെടെ സ്‌പെഷ്യലൈസ്ഡ് കള്ളൻമാർവരെ മൺസൂൺ കാലത്തെ മോഷണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തുന്നത് പതിവാണ്. മുൻകാല അനുഭവം കണക്കിലെടുത്തു മഴക്കാല കള്ളൻമാരെ നേരിടാൻ പൊലീസും രംഗത്തുണ്ട്.
മഴ ശക്തമാകുമ്പോൾ വീട്ടുകാർ നേരത്തെ ഉറങ്ങുന്നതും സുഖനിദ്ര‌യിലാണ്ട് കിടക്കുന്നതും മോഷണത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. മഴയുടെ ഇരമ്പലിൽ വാതിൽ പൊളിക്കുന്ന ശബ്ദം വീട്ടുകാർ കേൾക്കാൻ സാദ്ധ്യത കുറയുന്നതും കള്ളൻമാർക്ക് സൗകര്യമാണ്. കനത്ത മഴപെയ്യുമ്പോൾ ആരുടെയും ശ്രദ്ധയിൽപെടാതെ മോഷണസാധനങ്ങളുമായി നീങ്ങാനും എളുപ്പം. വീടുകളുടെ പിൻവാതിൽ പൊളിച്ചുള്ള കവർച്ചയാണ് മഴക്കാലത്ത് സാധാരണം. വീട്ടുവളപ്പിൽനിന്നുകിട്ടുന്ന കമ്പിപ്പാര, വെട്ടുകത്തി, പിക്കാസ് തുടങ്ങിയ ആയുധങ്ങളാണ് ഇവർക്കിഷ്ടം.

 പൊലീസിന്റെ നിർദ്ദേശങ്ങൾ

വീടിനുമുന്നിലുംപിന്നിലും രാത്രി ലൈറ്റുകൾ കെടുത്തരുത്. പുറത്ത് കാൽപെരുമാറ്റമോ സംശയകരമായ ശബ്ദങ്ങളോ കേട്ടാൽ വാതിൽതുറക്കാതെ ഉടനെ അയൽവാസികളെയും 100 ടോൾഫ്രീ നമ്പരിൽ പൊലീസ് കൺട്രോൾ റൂമിലും അറിയിക്കണം. തൊട്ടടുത്ത പൊലീസ് സ്റ്റേഷന്റെ നമ്പരുൾപ്പെടെ കരുതണം. രാത്രികാല നിരീക്ഷണത്തിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായം തേടണം. അടുത്തിടെയായി മോഷണം വ്യാപകമാകുന്ന സ്ഥലങ്ങളിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ നടത്തുന്ന രാത്രികാല നിരീക്ഷണം ഫലപ്രദമാണ്. അയൽവാസികൾ ഉൾപ്പെട്ട വാട്‌സാപ്പ് കൂട്ടായ്മകൾ രൂപീകരിക്കുന്നതും രാത്രി സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ കൂട്ടായ്മയിൽ ഇടുന്നതും മോഷ്ടാക്കളെ നേരിടാൻ സഹായകമാകും.