pic
കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ശമനമില്ലാതെ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. മേഖലയിൽ കർഷകർ വിളയിച്ച കാർഷിക ഉത്പന്നങ്ങളെല്ലാം കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ദിവസം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ കാട്ടാനയെത്തി. രാത്രി ഫാമിന്റെ വടക്കുഭാഗം ഡി ബ്ലോക്കിലാണ് കാട്ടാന കയറിയത്. കായ്ഫലമുള്ള രണ്ട് തെങ്ങുകൾ പിഴുതെറിയുകയും 24 തെങ്ങിൻ തൈകളുടെ കൂമ്പ് നശിപ്പിക്കുകയും ചെയ്തു. ഞാലിപ്പൂവൻ, നേന്ത്രൻ ഇനത്തിലുള്ള 30 ഓളം വാഴകൾ ചവിട്ടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന ശല്യം തുടർന്നും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഫാം അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് മൂന്നാർ ഡി.എഫ്.ഒ, ജില്ലാ പഞ്ചായത്ത് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എന്നിവർക്ക് അയച്ചിട്ടുണ്ട്. ഫാമിനുള്ളിൽ കാട്ടാന കയറുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഒരുമാസമായി നേര്യമംഗലം മുതൽ നീണ്ടപാറ വരെ കാട്ടാന ശല്യം പതിവാണ്. നീണ്ടപാറയിൽ 50 വർഷമായി കാട്ടാനശല്യമില്ലാത്ത മേഖലയിലും ഇത്തവണ കാട്ടാനയിറങ്ങി.പിണ്ടിമന വെറ്റിലപാറയിലും, പടിപ്പാറയിലും കാട്ടാന വിളകൾ നശിപ്പിച്ചു. പൈനാപ്പിള്ളിൽ ജോയ്, തങ്കച്ചൻ, കോട്ടക്കൽ ജോഷി എന്നിവരുടെ കൃഷി നശിപ്പിച്ചു. പാലയംപടിക്കൽ സലിം, മനാഫ് എന്നിവരുടെ വാഴ, കപ്പ, ചേന, റബ്ബർ എന്നിവയയും തോട്ടത്തിലെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റും കാട്ടാനകൾ ചവിട്ടി നശിപ്പിച്ചു.