കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള പിണർമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. തുടർന്ന് പിണർമുണ്ടയിൽ നടന്ന ചടങ്ങിൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു നൽകി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് ദേശീയ ആരോഗ്യമിഷനു കീഴിൽ ഏഴ് ലക്ഷം രൂപ മുടക്കി പദ്ധതി പ്രാവർത്തികമാക്കിയത്. മുഴുവൻ സമയ നഴ്സിന്റെ സേവനവും, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ട മുഴുവൻ സൗകര്യങ്ങളും, ജീവിതശൈലി രോഗ നിർമ്മാർജ്ജനത്തിനുള്ള സൗകര്യങ്ങളും കേന്ദ്രം വഴി ലഭ്യമാക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മായ വിജയൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, ഡോ.സുനിത, എം.പി. യൂനസ്, ടി.എ. ഇബ്രാഹിം, പി.പി അബൂബക്കർ, ടി.എ റഹിം തുടങ്ങിയവർ സംസാരിച്ചു.