പെരുമ്പാവൂർ: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള നാല് ലക്ഷത്തിലധികം തൊഴിലാളികളുള്ള 47 പടക്കോപ്പ് നിർമ്മാണ ശാലകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും പണിമുടക്ക് സമരം നിരോധിച്ച് ഓർഡിനൻസ് പാസാക്കിയതിനെതിരെയും രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി. ടൗൺ പോസ്റ്റ് ഒാഫീസിന് മുന്നിൽ നടത്തിയ സമരം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ്, കെ.ടി.യു.സി. സെക്രട്ടറി ടി.സി. ജോയി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി കെ.കെ. ചന്ദ്രൻ, വി.പി. ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.