പള്ളുരുത്തി: കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകളും പടിഞ്ഞാറൻ കൊച്ചിയെ കൈവിട്ടതോടെ യാത്രാക്ലേശം രൂക്ഷമായി. തോപ്പുംപടി വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന ബസുകൾ പൂർണമായും വൈറ്റില വഴിയാണ് സർവീസ് നടത്തുന്നത്. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട രോഗികളും ബന്ധുക്കളും നട്ടം തിരിയുകയാണ്. മുൻ കാലങ്ങളിൽ കാൽ ഭാഗം ബസുകൾ തോപ്പുംപടി വഴിയാണ് പോയിരുന്നത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെയാണ് പൂർണമായും പടിഞ്ഞാറൻ കൊച്ചിയെ ഒഴിവാക്കിയത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ കെ.എസ്.ആർ.ടി.സിയിലെ ഉന്നതർക്ക് നൽകിയെങ്കിലും പരിഹാരമായില്ല. മുൻ കാലങ്ങളിൽ കുമ്പളങ്ങി പഞ്ചായത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതും നിർത്തലാക്കി. ഈ ബസ് പുലർച്ചെ കുമ്പളങ്ങിയിൽ നിന്നും പുറപ്പെട്ട് കുമ്പളങ്ങി വഴി ഇടക്കൊച്ചിയിലൂടെ ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്നത്. ഇത് നിരവധി പേർക്ക് ഉപകാരപ്രദമായിരുന്നു. ജലഗതാഗത വകുപ്പും പശ്ചിമകൊച്ചിയെ കൈ ഒഴിത്തിരിക്കുകയാണ്. മട്ടാഞ്ചേരി-ഫോർട്ട് കൊച്ചി ഭാഗത്തു നിന്നും എറണാകുളത്തേക്കും ഫോർട്ട് കൊച്ചി-വൈപ്പിൻ - ഐലൻഡ് ഭാഗത്തേക്കും ഉണ്ടായിരുന്ന ബോട്ടുകളും നിർത്തലാക്കി. ആകെ ഒരു റോ റോ സർവീസ് മാത്രമാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്.കൊച്ചി ഹാർബർ ടെർമിനസിൽ നിന്നും എറണാകുളം സൗത്ത് ഭാഗത്തേക്ക് ഒരു യാത്രാ ട്രെയിൻ സർവീസ് നടത്തിയിരുന്നെങ്കിൽ അൽപമെങ്കിലും പശ്ചിമകൊച്ചിക്കാർക്ക് ഒരു ആശ്വാസമായേനെ എന്ന കണക്കുകൂട്ടലിലാണ് യാത്രക്കാർ.