വൈപ്പിൻ: കൊവിഡ് ബാധിതയായ ബികോം വിദ്യാർത്ഥിനിക്ക് പരീക്ഷയെഴുതാൻ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ഇടപെടൽ തുണയായി. മാലിപ്പുറം കൂളിയത്ത് കെ.ജെ. രാജുവിന്റെ മകൾ ജെസ്‌നയ്ക്കാണ് തിങ്കളാഴ്ച പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കിയത്. അധികൃതർ പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് എം.എൽ.എയുടെ ഇടപെടലിൽ എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളർ പരീക്ഷ എഴുതാൻ അനുമതി നൽകി ഉത്തരവിട്ടു . ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ അവസാന വർഷ വിദ്യാർത്ഥിനിയായ ജെസ്‌ന തിങ്കളാഴ്ച പരീക്ഷ ആരംഭിക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് കൊവിഡ് പോസിറ്റിവായത്. എറണാകുളം ഈശൊഭവൻ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ ജെസ്‌നയ്ക്ക് പരീക്ഷ സെന്ററായി ലഭിച്ചത് പറവൂർ മന്നം മാട്ടുപുറം എച്ച്.ഡി.പി.വൈ കോളേജ് ഒഫ് എഡ്യൂക്കേഷനിലാണ്. കൊവിഡ് പോസിറ്റിവാണെന്ന വിവരം അറിയിച്ചതിനെത്തുടർന്ന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതിക്കാനാകില്ലെന്ന നിലപാടാണ് പരീക്ഷ കേന്ദ്രം അധികൃതർ സ്വീകരിച്ചത്.
തുടർന്ന് വിദ്യാർത്ഥിനി എം.എൽ.എയെ സമീപിക്കുകയായിരുന്നു. എം.എൽ.എയുടെ ഓഫീസിൽ നിന്ന് ഉന്നത വിദ്യാഭ്യസ മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും വിദ്യാർത്ഥിനിക്ക് പരീക്ഷയെഴുതുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. പി.പി.ഇ. കിറ്റ് ധരിച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ജെസ്‌നയ്ക്ക് തിങ്കളാഴ്ച പരീക്ഷ എഴുതാം. വിദ്യാർത്ഥിനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പരീക്ഷ കേന്ദ്രം അധികൃതർ പാലിക്കണം.