1
നിസാർ

തൃക്കാക്കര: എ.ഡി.ജി.പി വിജയ് സാഖറേയുടെ പേരിൽ വ്യാജഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. യു.പി മധുര ചൗക്കി ബംഗാ‌ർ സ്വദേശികളായ നിസാർ (22), മുഷ്താക് ഖാൻ (32) എന്നിവരെയാണ് കൊച്ചി സൈബർ ക്രൈംപൊലീസ് അറസ്റ്റുചെയ്തത്. എ.ഡി.ജി.പിയുടെ അടക്കം സമൂഹത്തിലെ ഉന്നതരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നി‌‌ർമ്മിച്ച് സുഹൃത്തുക്കളോട് മെസഞ്ചർവഴി പണം ആവശ്യപ്പെട്ട് തട്ടിപ്പുനടത്തുന്നവരെ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ചൗക്കി ബംഗാർ ഗ്രാമത്തിലെത്തിയാണ് പ്രത്യേകസംഘം പിടികൂടിയത്. മുഷ്താക് ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലും ഉടമയും ബാങ്ക് ജീവനക്കാരനുമാണ്.

തട്ടിപ്പ് ഇങ്ങനെ

ഫേസ്ബുക്കിൽ യൂസർനെയിമും പാസ്‌വേഡുമായി ഫോൺനമ്പർ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ ആദ്യം ഹാക്ക് ചെയ്യും. പിന്നീട് പേരും ഫോട്ടോയും സമൂഹത്തിലെ ഉന്നതരായവരുടേതാക്കി മാറ്റി അവരുടെ സുഹൃത്തുക്കൾക്ക് മെസേജ് അയയ്ക്കും. അടിയന്തര ആവശ്യമാണെന്നും ഗൂഗിൽ പേ വഴി പണം അയയ്ക്കാമോയെന്നുമാണ് ആവശ്യപ്പെടുക. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും മറ്റും വ്യാജ സിംകാർഡുകൾ നൽകി അവരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജവിലാസത്തിലെടുക്കുന്ന ഫോൺനമ്പരായതിനാൽ പ്രതികളുമായി ബന്ധപ്പെട്ട് അറുപതോളം ഫോണുകളും അതിലുപയോഗിച്ചിരുന്ന സിം കാർഡുകളും ടവർ ലൊക്കേഷനും ഐ.പി വിലാസങ്ങളും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

ഗ്രാമീണരെയും കബളിപ്പിച്ചു

മുഷ്താക്ക് ഖാൻ നാഗല ഉട്ടാവാർ ഗ്രാമത്തിലെ നിരക്ഷരരായിട്ടുള്ള അനേകം കർഷകരുടെയും മറ്റും പേരിൽ അക്കൗണ്ടുകൾ തുറന്ന് അതിൽ സ്വന്തംഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇത്തരം അക്കൗണ്ടുകളിൽ യു.പി.ഐ അക്കൗണ്ടുകൾ ആരംഭിച്ചാണ് പ്രതികൾ തട്ടിപ്പുകൾ നടത്തിവന്നിരുന്നത്. ബാങ്ക് നൽകിയിട്ടുള്ള ബയോമെട്രിക് ഫിംഗർ പ്രിന്റ് സ്കാനറാണ് പണം പിൻവലിക്കാൻ ഉപയോഗിച്ചിരുന്നത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെ മേൽനോട്ടത്തിൽ കൊച്ചി സൈബർ ക്രൈം പൊലീസ് എസ്.എച്ച്.ഒ അരുൺ കെ.എസിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രമേഷ്. എസ്, ഷിഹാബ് ഇ.കെ, സിവിൽ പൊലീസ് ഒാഫീസർമാരായ അജിത് രാജ്.പി, അരുൺ .ആർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.