കൊച്ചി: മൂന്നു വർഷം മുമ്പ് കൊക്കെയ്‌നുമായി നെടുമ്പാശേരി എയർപോർട്ടിൽ പിടിയിലായ എൽസാൽവദോർ സ്വദേശി ഡുരസോല ജോണി അലക്‌സാണ്ടറിനെ വിചാരണക്കോടതി വെറുതേ വിട്ടു. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വില വരുന്ന കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കേസിൽ 2018 മേയ് എട്ടിനാണ് ഇയാളെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്.

ഡുരസോലയുടെ ചെക്ക് ഇൻ ബാഗേജിൽ നിന്ന് കൊക്കെയിൻ കണ്ടെടുത്തെന്നായിരുന്നു കേസ്. എൽസാൽവദോറിൽ നിന്ന് കൊച്ചിയിലേക്ക് കൊക്കെയ്‌നുമായെത്തിയ ഇയാൾ ഫോർട്ട് കൊച്ചിയിലെ ഒരു ഹോം സ്റ്റേയിൽ ഓൺലൈൻ മുഖേന റൂം ബുക്ക് ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. കൊച്ചിയിൽ തങ്ങിയശേഷം ലഹരിമരുന്നുമായി ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും എൻ.സി.ബി വ്യക്തമാക്കി. എന്നാൽ ഇയാളുടെ ബാഗേജിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെടുത്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. മാത്രമല്ല, എൻ.സി.ബി പിടികൂടിയ ചെക്ക് ഇൻ ബാഗേജ് ഇയാളുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്‌ക്കുകയും ചെയ്തു. തുടർന്നാണ് എറണാകുളം ഫസ്‌റ്റ് അഡി. സെഷൻസ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.