കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം പച്ചാളത്ത് യുവതി ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനിതാ കമ്മിഷൻ. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോർത്ത് സി.ഐയോട് ഈമാസം 29ന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെടുമെന്നും കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. സി.ഐ ഹാജരാകാൻ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസിന് ഇമെയിൽ അയയ്ക്കും.
വൈറ്റില ചളിക്കവട്ടത്തെ വീട്ടിലെത്തി പരാതിക്കാരിയെയും പിതാവിനെയും കമ്മിഷൻ അംഗം സന്ദർശിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. സംഭവത്തിൽ വനിതാ സെല്ലിന്റെ ഇടപടലിനെയും കമ്മിഷൻ കുറ്റപ്പെടുത്തി.
അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ പൊലീസ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം യുവതിയുടെ ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്‌സൺ (31), ഭർതൃപിതാവ് പീറ്റർ(58) എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. അന്വേഷണം തുടരുകയാണെന്ന് നോർത്ത് പൊലീസ് പറഞ്ഞു.
പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശി ജോർജിന്റെ മകൾ ഡയാനയാണ് ക്രൂരപീഡനത്തിന് ഇരയായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും മർദ്ദിച്ചെന്നും ഇത് അന്വേഷിക്കാനെത്തിയ പിതാവിന്റെ കാല് തല്ലിയൊടിച്ചെന്നുമാണ് പരാതി. ഏപ്രിൽ 12നായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 50 പവനോളം സ്വർണം ഡയാനയുടെ കുടുംബം നൽകിയിരുന്നു. ഇത് പോരെന്നു പറഞ്ഞായിരുന്നു പീഡനം. ജോർജിന്റെ വാരിയെല്ലിനു പൊട്ടലുണ്ടെങ്കിലും ആശുപത്രിയിൽനിന്നു നൽകിയ റിപ്പോർട്ടിൽ ഈ വിവരം കാണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനും വിവാഹാലോചനയ്‌ക്ക് മുൻകൈയെടുത്ത വൈദികനും ചേർന്ന് പ്രതികളെ സംരക്ഷിക്കാൻ ഇടപെടുന്നുണ്ടെന്ന് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിച്ചു.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മർദ്ദനത്തിനിരയായ യുവതിയെയും പിതാവിനെയും യുവജനകമ്മിഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ് സന്ദർശിച്ചു. ഭർത്താവിനെതിരെ ശക്തമായ പൊലീസ് നടപടി ഉറപ്പാക്കുമെന്ന് അവർ കുടുംബാംഗങ്ങളോട് പറഞ്ഞു. കുടുംബത്തിന് എല്ലാ പിന്തുണയും കമ്മിഷൻ വാഗ്ദാനം ചെയ്തു.