നെടുമ്പാശേരി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ചൈനയിൽനിന്നെത്തിച്ച മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകാൻ പത്തുദിവസത്തോളം കസ്റ്റംസ് വിഭാഗം താമസിപ്പിച്ചതായി പരാതി. കൊവിഡ് രോഗ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽ നിന്ന് 24 മണിക്കൂറിനകം പരിശോധനകൾ പൂർത്തിയാക്കി വിട്ടുനൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശമുണ്ട്. ഇതിനിടയിലാണ് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ ഉപകരണങ്ങൾ തടഞ്ഞുവെച്ചതെന്നാണ് പരാതി ഉയർന്നത്.
കോഴിക്കോടിന് കൊണ്ടുപോകേണ്ട പത്ത് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഈ മാസം പത്തിനാണ് നെടുമ്പാശേരിയിലെ കാർഗോ വിഭാഗത്തിൽ എത്തിയത്. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ ആയതിനാൽ രേഖകൾ നെടുമ്പാശ്ശേരിയിൽ എത്തിച്ച് കാർഗോ കൈപ്പറ്റാനായില്ല. പിറ്റേന്ന് തിങ്കളാഴ്ച്ചയാണ് ഇതിനായി ബന്ധപ്പെട്ടവരെത്തി ബിൽ ഒഫ് എൻട്രി ഫയൽ ചെയ്തത്. എന്നാൽ രണ്ട് ദിവസം വൈകിയെന്ന കാരണം പറഞ്ഞ് കസ്റ്റംസ് കാർഗോ തടഞ്ഞുവെക്കുകയായിരുന്നു. 10000 രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചു. പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഈ മാസം 20ന് പിഴയും വിമാനത്താവളത്തിലെ മറ്റ് ചാർജുകൾ ഉൾപ്പെടെ വലിയ തുക അടച്ചതിന് ശേഷമാണ് ഇവ വിട്ടുനൽകാകാൻ കസ്റ്റംസ് തയ്യാറായത്.