തൃക്കാക്കര: കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടി നിൽകുന്ന ബി, സി കാറ്റഗറിയിൽ പെട്ട സ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ 103 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കാൻ ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കൊവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൊത്തം പരിശോധനയുടെ 30-35 % രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും നടത്തും. എല്ലാ ആശുപത്രികളിലും കൊവിഡ് പരിശോധന സൗകര്യം ഉള്ളതിനാൽ വാക്സിനേഷന് വരുന്നവർ രോഗ പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വാക്സിൻ എടുക്കുന്നതാണ് അഭികാമ്യം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെന്ററുകളിലും ലഭ്യമായ പരിശോധന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ കണ്ടെത്തി നിയന്ത്രണം കൂടുതൽ ശക്തമാക്കും. ക്വാറന്റൈൻ ലംഘിക്കുന്നവരെ ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റാനും പൊലീസിന് കർശന നിർദേശം നൽകി. വ്യവസായ സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാൻ നിരീക്ഷണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.