11

തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽനിന്ന് നിരവധി നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ വൻതോതിൽ തെരുവുനായ്ക്കളെ കുരുക്കിട്ട് പിടിച്ച് വിഷംകുത്തിവെച്ച് കൊന്നെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്, എസ്.പി.സി.എ സെക്രട്ടറി ടി.കെ. സജീവ്, ഇൻസ്‌പെക്ടർ വിഷ്ണു വിജയ്, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് കെ.ബി. ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജഡങ്ങൾ കണ്ടെത്തിയത്. ആദ്യ കുഴി പരിശോധിച്ചപ്പോൾതന്നെ മുപ്പതോളം നായ്ക്കളുടെ ജഡങ്ങൾ കണ്ടെടുത്തു. ചവറുകൂനയിൽ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ ജഡങ്ങളുണ്ടെന്നാണ് സൂചന. പരിശോധന തുടരും.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജെ.സി.ബി ഉപയോഗിച്ച് നായ്ക്കളുടെ ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തത്. പിന്നീട് കാക്കനാട് അത്താണി മൃഗാശുപത്രിയിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഇന്ദിരയുടെ നേതൃത്വത്തിൽ നാല് ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ആന്തരികാവയവങ്ങൾ ലാബിലേക്ക് മാറ്റി. കേസിൽ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവരുടെ കോഴി​ക്കോടുള്ള വീടുകളിൽ പൊലീസ് പരിശോധന നടത്തി.


# പ്രതിഷേധവുമായി പ്രതിപക്ഷം

തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലാൻ നിർദേശം നൽകിയ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. എം.കെ. ചന്ദ്രബാബു, സൈമൺ, പി.സി. മനൂപ്, അജ്ജുന ഹാഷിം, റസിയ നിഷാദ്, ഉഷ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലക്കാഡുമായി പ്രതിഷേധിച്ചത്.

# ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ മൊഴി
മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ ഫോണിൽ വിളിച്ചുപറഞ്ഞതനുസരിച്ചാണ് നായവേട്ട നടത്തിയതെന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ പി​ക്കപ്പ് വാൻ ഉടമ പെരുമ്പാവൂർ മോറക്കാല സ്വദേശി​ ഷൈജൻ (50) പൊലീസിന് മൊഴിനൽകി. നായ്ക്കളെ ഇയാളുടെ പിക്കപ്പ് വാനിലാണ് കുഴിച്ചിടാൻ കൊണ്ടുപോയത്.