മൂവാറ്റുപുഴ: പഞ്ചായത്തുകളിലും നഗരസഭയിലും കൊവിഡ് പ്രതിരോധത്തിന് കൂടുതൽ കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം നടപ്പിലാക്കുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് ഓക്‌സിജൻ ഗ്രാമങ്ങളിലേക്ക് എന്ന പദ്ധതി കൂടുതൽ പ്രദേശങ്ങളിൽ നടപ്പിലാക്കും. ഓക്‌സിജൻ ഓരോ ബെഡുകൾക്ക് അരികിലേക്കും എത്തിക്കുന്നതാണ് പദ്ധതി. മുഴുവൻ ഗ്രാമങ്ങളിലും ഇതിന്റെ പ്രവർത്തനം ഉടൻ പൂർത്തിയാവും. ഇതിന്റെ ഭാഗമായി ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. നിലവിൽ 362 ഓക്‌സിജൻ ബെഡുകൾ ഒരുക്കി. ഇതിൽ 87 എണ്ണം സർക്കാർ സന്നദ്ധ സേവനരംഗത്തും 66 എണ്ണം ഗ്രാമീണ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലും സജ്ജമാക്കി. 209 എണ്ണം ഉടൻ പൂർത്തിയാകുമെന്നും എം.എൽ.എ പറഞ്ഞു. ജനറൽ ആശുപത്രിയിൽ 28 വെന്റിലേറ്ററുകൾ അനുവദിച്ചു, ഇതിൽ 21 എണ്ണം പൂർത്തിയായി. ഏഴ് എണ്ണത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും. ഓക്‌സിജൻ ബെഡുകളും 61 ഓക്‌സിജൻ കോൺസന്റേറ്ററുകളുമാണ് അനുവദിച്ചത്. കേന്ദ്ര സർക്കാർ അനുവദിച്ച 125 ഓക്‌സിജൻ ബെഡുകളുടെ പണി മൂവാറ്റുപുഴ ജനറൽ ആശുപത്രിയൽൽ പൂർത്തിയായി വരികയാണ്. മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ 200ഓളം ഓക്‌സിജൻ ബെഡുകൾക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സമയവും പ്രവർത്തന സജ്ജമാക്കുമെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയുമായി സഹകരിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എ. എം ബഷീർ, പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. ജോസഫ്, കല്ലൂർക്കാട് പഞ്ചായത് പ്രസിഡന്റ് ജോർജ് ഫ്രാൻസീസ് തെക്കേക്കര, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാണി കുട്ടി ജോജ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
നിലവിൽ വിതരണം ചെയ്ത കേന്ദ്രങ്ങൾ
കടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എട്ട് ഓക്‌സിജൻ ബെഡും ആറ് ഓക്‌സിജൻ കോൺസന്റേറ്ററും , കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 20 ഓക്‌സിജൻ ബെഡും ഒരു ഓക്‌സിജൻ കോൺസന്റേറ്ററും പോത്താനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എട്ട് ഓക്‌സിജൻ ബെഡും രണ്ട് ഓക്‌സിജൻ കോൺസന്റേറ്ററും ആരക്കുഴ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 30 ഓക്‌സിജൻ ബെഡും ഒരു ഓക്‌സിജൻ കോണ്‍സന്റേറ്ററും നൽകിയതായും എം.എൽ.എ അറിയിച്ചു.