കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകന് മർദ്ദനമേറ്റു. മൂക്കിന് പരിക്കേറ്റ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയും കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ അഖിൽ (22), ഒന്നാം വർഷ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ ആദർശ് (20) എന്നിവരെ പൊലീസ് അറസ്റ്ര് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. നിയാസിന്റെ റൂമിലേക്ക് ലഹരി മരുന്ന് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതിർത്തതാണ് പ്രകോപന കാരണമെന്ന് കെ.എസ്.യു ആരോപിച്ചു.
നിയാസിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.യു സെൻട്രൽ പൊലീസിൽ നൽകിയ പരാതിയിലാണ് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
കോളേജിലെ ചില വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്.എഫ്.ഐ അവരെ താക്കീത് ചെയ്തിരുന്നെന്നും ഹോസ്റ്റലിലും ലഹരി ഉപയോഗം നടക്കുന്നതിനെക്കുറിച്ച് ചോദിച്ചതാണ് വ്യാജ പരാതിക്ക് കാരണമെന്നും എസ്.എഫ്.ഐ പറയുന്നു.
നിയാസിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റി മഹാരാജാസ് കേളേജ് ഹോസ്റ്റലിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.
മാർച്ച് ഹേസ്പിറ്റൽ റോഡിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.മഹാരാജാസ് ഹോസ്റ്റലിൽ താമസിക്കുന്ന കെ. എസ്. യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ജില്ലാ സെക്രട്ടറി മിവ ജോളി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മനു ജേക്കബ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് എന്നിവർ സംസാരിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.