കൊച്ചി: സർക്കാരിന്റെയും ദേവസ്വം ബോർഡുകളുടെയും ക്ഷേത്രവിരുദ്ധ നടപടികൾക്കെതിരെ കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസികൾക്കു മുമ്പിൽ ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ഭക്തജനധർണ നടത്തുമെന്ന് ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി പറഞ്ഞു,
ക്ഷേത്രഭൂമികളും സ്വത്തുക്കളും അന്യാധീനനപ്പെടുത്താൻ ദേവസ്വം ബോർഡുകൾ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രവരുമാനം ക്ഷേത്രേതര കാര്യങ്ങൾക്കു വിനിയോഗിക്കാൻ പാടില്ലെന്നിരിക്കെ ക്ഷേത്ര ഫണ്ട് ദേവസ്വം ബോർഡുകൾ തോന്നുംപടി ചെലവഴിക്കുകയാണ്. വഴിപാടുവരവിലും പ്രസാദം വില്പനയിലും ലോക്കറ്റ് വില്പനയിലും തിരിമറി നടക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡ് തൃക്കാരിയൂർ എ.സി. ഓഫീസ്, പറവൂർ എ.സി. ഓഫീസ്, കൊച്ചിൻ ദേവസ്വം ബോർഡ് ചോറ്റാനിക്കര എ.സി. ഓഫീസ് എന്നിവിടങ്ങളിൽ നടക്കുന്ന ധർണ സാമൂഹ്യ നീതികർമ്മ സമിതി ചെയർമാൻ കെ.വി. ശിവൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്ടൻ കെ. സുന്ദരൻ എന്നിവർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ ഇ.ജി. മനോജ്, എം.പി. അപ്പു, എസ്. സുധീർ, എ.ബി. ബിജു, കെ.ആർ. രമേഷ് കുമാർ എന്നിവർ പ്രസംഗിക്കും.