കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന രണ്ടു യുവാക്കളും ഇവരുടെ കൂട്ടാളിയും പൊലീസിന്റെ പിടിയിലായി. വല്ലം ചേലാമറ്റം പുളിക്കുടി വീട്ടിൽ ഫൈസൽ (30), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (20), അമ്പലപറമ്പിൽ മരോട്ടിത്തടത്തിൽ വീട്ടിൽ പ്രിൻസ് (34) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം നെല്ലിക്കുഴി ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അമിത വേഗത്തിലെത്തിയ ബൈക്ക് ശ്രദ്ധയിൽ പെട്ടത്. പൊലീസിനെകണ്ട് ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഫൈസലിനെയും അച്ചുവിനെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയായ പ്രിൻസിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ആലുവയിൽ നിന്നാണ് ഇവർ ബൈക്ക് മോഷ്ടിച്ചത്. എസ്.ഐ മാരായ ഇ.പി ജോയി, ലിബു തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ആർ. ശ്രീജിത്, എം. അനൂപ്, രഞ്ജിത് കെ നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.