നെടുമ്പാശേരി: പുനർനിർമ്മാണം നടത്തിയ ചെങ്ങമനാട് പഞ്ചായത്തിലെ കപ്രശേരി – ആവണംകോട് റോഡിന്റെ ഒരു ഭാഗം മുഴുവൻ വെള്ളക്കെട്ടിലായി. ദേശീയപാതയിലെ പറമ്പയത്തു നിന്ന് വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡിന്റെ ഭാഗമാണിത്. മഴ പെയ്താൽ പ്രദേശത്ത് ജനങ്ങൾക്ക് വീടിനു പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. കപ്രശേരി ചാപ്പലിന്റെ പരിസരത്താണ് കനത്ത വെള്ളക്കെട്ട്. റോഡിൽ ഒരടി വരെ ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. പ്രളയത്തിൽ പോലും വെള്ളക്കെട്ട് അനുഭവപ്പെടാതിരുന്ന ഇവിടെ അശാസ്ത്രീയമായ റോഡ് നിർമാണം മൂലമാണ് ഇപ്പോഴത്തെ സ്ഥിതി ഉണ്ടായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ സമയത്തു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ അവഗണിച്ചെന്നും നാട്ടുകാർ ആരോപിച്ചു.