പറവൂർ: പറവൂർ നഗരസഭയുടെ ബയോ കമ്പോസ്റ്റ് ബിൻ ഇടപാടിൽ ക്രമക്കേടെന്ന് ആരോപണം. വിജിലൻസ് അന്വേഷണം വേണമെന്ന് കൗൺസിലർ ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു. നിയമങ്ങൾ ലംഘിച്ച് ഒരു ദിവസം കൊണ്ടു ഫയൽ നടപടികൾ പൂർത്തിയാക്കിയെന്നാണ് പ്രധാന ആക്ഷേപം. 26.73ലക്ഷം രൂപയുടെ പദ്ധതിയുടെ സാങ്കേതികാനുമതിക്കായി 2021 ഫെബ്രുവരി 26ന് നഗരസഭ ശുചിത്വ മിഷൻ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർക്ക് കത്തയച്ചതെന്നും സാങ്കേതികാനുമതി ലഭിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കാവൂയെന്ന ചട്ടം ലംഘിച്ചു കത്തയച്ച അതേ ദിവസം തന്നെ പാലക്കാടുള്ള ഐ.ആർ.ടി.സി എന്ന ഏജൻസിക്ക് വർക്ക് ഓർഡർ നൽകി. അന്നു തന്നെ ഐ.ആർ.ടി.സി എന്ന ഏജൻസിയുമായി കരാർ വച്ചു. ശുചിത്വ മിഷൻ നിശ്ചയിച്ച ഏറ്റവും കൂടിയ തുകയായ 1800 രൂപയ്ക്കാണ് ബയോ കമ്പോസ്റ്റ് ബിന്നുകൾ വാങ്ങിയത്. 1485 ബയോ കമ്പോസ്റ്റ് ബിന്നുകൾ വാങ്ങാനായിരുന്നു പദ്ധതി. 910 എണ്ണം ഇപ്പോൾ വാങ്ങിയതിൽ മാത്രം 4,55,000 രൂപ നഗരസഭയ്ക്ക് നഷ്ടമായെന്ന് ജോബി പറഞ്ഞു.

പദ്ധതികൾ കരിനിഴലിൽ നിർത്തുവാൻ ശ്രമം: ചെയർപേഴ്സൺ

ജനോപകാരപ്രദമായ പദ്ധതികളെ തുടർച്ചയായി കരിനിഴലിൽ നിർത്തി ഭരണ സമിതിയുടെ മികവിനെ തരംതാഴ്ത്താനുള്ള ശ്രമമാണെന്ന് നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി പറഞ്ഞു. പദ്ധതിക്ക് കൗൺസിൽ, ഡി.പി.സി അംഗീകാരവും ഫെബ്രുവരി 25ന് ശുചിത്വ മിഷന്റെ സാങ്കേതിക അംഗീകാരവും ലഭിച്ചിട്ടുണ്ട്. സർക്കാർ അംഗീകൃത ഏജൻസി മുഖാന്തരം സർക്കാർ അംഗീകരിച്ച തുകയ്ക്കാണ് ബിൻ വാങ്ങിയത്. പദ്ധതിക്കു പണം നിലവിലുള്ളതാണ്. പുതിയ വർഷത്തിൽ സ്പിൽ ഓവറായി നടപ്പിലാക്കുന്നതിന് കൗൺസിലിന്റെ അനുവാദം ആവശ്യമാണ്. അക്ഷേപം ഉന്നയിച്ച കൗൺസിലർ ഉൾപ്പെടെ അംഗങ്ങളായ വികസന കമ്മിറ്റിയാണ് ഇത് തുടർപദ്ധതിയായി നിലനിർത്താൻ കൗൺസിലേക്ക് ശുപാർശ ചെയ്തതെന്നും വി.എ. പ്രഭാവതി പറഞ്ഞു.