പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഓട്ടത്താണിമലയുടെ ഭാഗമായ കലയതുരുത്ത്മലയുടെ സമീപത്തെ അഞ്ച് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. കലയതുരുത്ത് തമ്പിയുടെ വീടിനു സമീപത്തേക്കു രാത്രിയിലെ മഴയിൽ മണ്ണിടിഞ്ഞു. വീടിന് നാശനഷ്ടമില്ല. പറമ്പിലെ കൃഷി നശിച്ചു. മണ്ണെടുത്ത ശേഷം അവശേഷിക്കുന്ന പ്രദേശമാണിത്. ഇവിടെ പല ഭാഗത്തായി അഞ്ച് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മഴക്കാലത്ത് മണ്ണിൽ വെള്ളം കെട്ടി നിന്നാണ് ഇടിയുന്നത്. വെങ്ങോല പഞ്ചായത്തിന്റെ പലഭാഗത്തും മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് കുന്നത്തുനാട് താലൂക്ക് വികസന സമിതിയിൽ ആവശ്യപ്പെടുമെന്ന് ബെന്നി ബെഹനാൻ എം.പിയുടെ പ്രതിനിധി എൽദോ മോസസ് അറിയിച്ചു.