പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ആശുപത്രി വികസനത്തിനു ധനസഹായം തേടി എം.എൽ.എ സർക്കാരിനെ സമീപിച്ചിരുന്നു. ആയിരത്തോളം രോഗികൾ പ്രതിദിനം എത്തുന്ന ആശുപത്രിയാണ്. കൊവിഡ് കാലത്തു പ്രതിസന്ധികളെ നേരിടാൻ ആശുപത്രി നവീകരണം ആവശ്യപ്പെട്ട് മെഡിക്കൽ സൂപ്രണ്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ സർക്കാരിനു കത്ത് നൽകിയത്.

കഴിഞ്ഞ നഗരസഭ കൗൺസിൽ സർക്കാരിന് ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. 2.42 ഏക്കറിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.13 കെട്ടിടങ്ങളുണ്ട്.ഇവ ഒഴിവാക്കി ബഹുനില കെട്ടിടമാക്കിയാൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും കഴിയും. 16 തസ്തികയുണ്ടെങ്കിലും ഡോക്ടർമാർ കുറവാണ്. 28 സ്ഥിരം നഴ്‌സുമാരും 15 താത്കാലിക നഴ്‌സുമാരും ഉൾപ്പെടെ 43 തസ്തികയുണ്ട്. നഴ്‌സുമാരുടെ എണ്ണവും കുറവാണ്. 130 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 212 കിടക്കകളുണ്ട്.

താലൂക്ക് ആശുപത്രിയുടെ ഒ.പി വിഭാഗം രോഗീ സൗഹൃദമാക്കുന്നതിന് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 1.4 കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. രോഗികൾക്കും സന്ദർശകർക്കും ആധുനിക നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുകയാണു ലക്ഷ്യം. നാഷണൽ ഹെൽത്ത് മിഷൻ വഴി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണം വേഗം ആരംഭിക്കാൻ ധാരണയായി. അവലോകനയോഗത്തിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ, കൗൺസിലർ പോൾ പാത്തിക്കൽ, മെഡിക്കൽ സൂപ്രണ്ട്‌ഡോ.എം.എം.ഷാനി എന്നിവർ സംസാരിച്ചു.