ആലുവ: ഏലൂക്കരയിൽ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ പട്ടികളെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചിട്ടതായി ആക്ഷേപം. ഏലൂക്കര ഹൈഡ് പാർക്ക് വില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വില്ലകളിലെ താമസക്കാർ ഇതിനുള്ളിലെ ഒഴിഞ്ഞ പറമ്പുകളിലാണ് ഭക്ഷണ അവശിഷ്ടങ്ങൾ തള്ളുന്നത്. അതിനാൽ ഭക്ഷണാവശിഷ്ടം തേടി നിരവധി നായകളെത്തും. ഇവയിൽ പലതും ഇവിടെ താമസക്കാരില്ലാത്ത വീടിന്റെ പോർച്ചിലും മുറ്റത്തും സ്ഥിരവാസമാണ്. ഇവ ചെടിച്ചട്ടികൾ മറിച്ചിടുന്നതും പോർച്ചിൽ കയറി കിടക്കുന്നതും സ്ഥിരമായതോടെയാണ് അസോസിയേഷൻ പട്ടികളെ വിഷം കൊടുത്ത് കൊല്ലുവാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അസോസിയേഷൻ വാട്ട്‌സാപ് ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചിരുന്നു. വിഷം കൊടുത്ത് കൊന്ന പട്ടികളെ താമസക്കാരില്ലാതെ കിടക്കുന്ന വീടുകൾക്ക് സമീപം കുഴിച്ചിട്ടതായും സമീപവാസികൾ പറഞ്ഞു. അഞ്ച് പട്ടികളെ ഇത്തരത്തിൽ കൊന്നതായാണ് ആക്ഷേപം. ഇതിനെതിരെ നായസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.