1
ഹാർബർ പാലത്തിലെ കുഴി

തോപ്പുംപടി: ചരിത്രത്തിന്റെ ശേഷിപ്പായ ഹാർബർപാലം നശിക്കുന്നു. കാലവർഷം ശക്തമായതോടെ പാലത്തിന്റെ മദ്ധ്യഭാഗത്ത് വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രാത്രിയിൽ ഈ കുഴികളിൽ വീഴുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികാരികൾ തയ്യാറാകാത്ത സ്ഥിതിയാണ്. വർഷാവർഷം കാലവർഷത്തിന് മുന്നോടിയായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പാലം നശിക്കാൻ കാരണമായതെന്നാണ് ചരിത്രകാരൻ എം.എം.സലീം പറയുന്നത്.

കൊവിഡിനെ തുടർന്ന് കുറച്ചു നാൾ പാലം അടച്ചിരുന്നു. പാലത്തിന്റെ ഇരുവശവും വലിയ വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ സ്ഥാപിച്ച ഇരുമ്പ് കവാടം വലിയ വാഹനങ്ങൾ ഇടിച്ച് തകർത്തിരുന്നു. മാത്രമല്ല, പാലത്തിന്റെ കൈവരികൾ കാടുപിടിച്ച് നശിച്ചു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് പാലത്തിന്റെ അടിഭാഗം.തോപ്പുംപടിയിലെയും മറ്റും അറവ് മാലിന്യം പാലത്തിൽ നിന്നാണ് കായലിലേക്ക് തള്ളുന്നത്. പാലത്തിലെ ഇരുമ്പ് കൈവരികൾ അറുത്തുമാറ്റിയാണ് മാലിന്യം തള്ളുന്നത്. ഈ വിഷയം ഉന്നയിച്ച് നിരവധി സംഘടനകൾ നേരത്തെ സമരം നടത്തിയിരുന്നു.