കൊച്ചി: ഇത്തവണ സംസ്ഥാനത്തെ റേഷൻകടക്കാർക്ക് ഒരു ഓണം കൂടുതലുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വക 'സഹിച്ചോണം'. കഴിഞ്ഞ ഒരുവർഷത്തിനിടെ റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളുടെ കമ്മീഷൻ ചോദിച്ചപ്പോഴാണ് സഹിച്ചോളാൻ സർക്കാർ പറഞ്ഞിരിക്കുന്നത്.
കൊവിഡ് മഹാമാരിക്കാലത്ത് 12 തവണയാണ് കിറ്റ് വിതരണം ചെയ്തത്. പദ്ധതി ആരംഭിച്ചപ്പോൾ ഒരുകിറ്റിന് 7 രൂപ പ്രകാരം കടക്കാർക്ക് കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു. ഒരുതവണ 7 രൂപ നിരക്കിൽ ലഭിക്കുകയും ചെയ്തു. പിന്നീട് 5 രൂപയാക്കി കുറച്ചു. കൊവിഡ് അല്ലേ, സാരമില്ല, 5 എങ്കിൽ 5 എന്ന് സമാധാനിച്ചു. എന്നാൽ ഒരുതവണ മാത്രമെ ഈ നിരക്കിലും തുക ലഭിച്ചിട്ടുള്ളു. തുടർന്നുള്ള 10 തവണത്തെ തുക കുടിശികയാണ്.
സിവിൽ സപ്ലൈസ് വകുപ്പ് തയ്യാറാക്കുന്ന കിറ്റുകൾ അതത് പ്രദേശത്തെ ആവശ്യത്തിനനുസരിച്ച് സംഭരിച്ച് ഗുണഭോക്താക്കളിൽ എത്തിക്കേണ്ട ചുമതല റേഷൻ കടക്കാർക്കാണ്. കൂടുതൽ കാർഡുകളുള്ള കടക്കാരാണെങ്കിൽ സാധാരണ റേഷൻ സാമഗ്രികൾക്ക് പുറമെ ഇത്രയേറെ കിറ്റുകളും സൂക്ഷിക്കാൻ അധികമായി കടമുറി വാടകയ്ക്ക് എടുത്തും തിരക്ക് കുറയ്ക്കാൻ പുതിയ ജീവനക്കാരെ വച്ചുമൊക്കെയാണ് കിറ്റ് വിതരണം സുഗമമാക്കിയത്. ഈ ഇനത്തിൽ ശരാശരി 30,000 രൂപമുതൽ 1 ലക്ഷം രൂപവരെ കടക്കാർക്ക് കിട്ടാനുണ്ട്. ഈ തുകയുടെ കാര്യത്തിലാണ് തർക്കം. അതിനിടയിൽ ഈ മാസം 30 മുതൽ ആഗസ്റ്റ് 16 വരെ ഓണക്കിറ്റ് വിതരണവും നടക്കേണ്ടതുണ്ട്.
ഇതുവരെ നൽകിയ കിറ്റിന്റെ കമ്മീഷൻ കിട്ടാതെ ഓണക്കിറ്റ് വിതരണം ചെയ്യില്ലെന്നാണ് ഒരുവിഭാഗം റേഷൻ വ്യാപാരികളുടെ നിലപാട്. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പിലും താലൂക്ക്, സിറ്റി റേഷനിംഗ് ഓഫീസുകൾക്കുമുമ്പിലും ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികൾ ധർണ നടത്താനും നിശ്ചയിച്ചിട്ടുണ്ട്.
മാസാവസാനം ആകുമ്പോൾ ഇന്റർനെറ്റ് പണിമുടക്കുമൂലം ഇപോസ് മെഷീൻ പ്രവർത്തനം തടസപ്പെടുന്നത് ഉൾപ്പെടെ റേഷൻ കടക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. സാധാരണ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കടക്കാർക്ക് ലഭിക്കാനുള്ള വേതനവും (കമ്മീഷൻ) രണ്ടുമാസമായി കുടിശികയാണ്.