കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും. രാവിലെ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. വിദഗ്ദ്ധ സംഘം നൽകിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഡോക്ടറിൽ നിന്ന് ആരായും. അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യയെ 20നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരുവർഷം മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പറഞ്ഞിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാ രാജിനെയും വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അനന്യ മരിച്ചദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു.