കൊച്ചി: കാലിക്കറ്റ് സർവകലാശാല ഡോ. അംബേദ്കർ ചെയർ വിഷയത്തിൽ ഗവർണർ ഇടപെടണമെന്ന് ബി.ജെ.പി. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം കെട്ടി വയ്ക്കാനില്ലാത്തതിനാൽ അംബേദ്കർ ചെയറിന് ഇടം നിഷേധിച്ചതിലൂടെ ഭരണഘടനാ ശില്പിയെ സർവകലാശാല അവഹേളിച്ചിരിക്കുകയാണ്. ഇവിടുത്തെ മറ്റു ചെയറുകൾക്ക് സർക്കാർ നേരിട്ടും അല്ലാതെയും പണം നൽകുന്നുണ്ട്. അംബേദ്കർ ചെയറിന് മാത്രം പണം നല്കാത്ത നടപടി ഇടതു സർക്കാരിന്റെ ദളിത് വിരുദ്ധതയാണ് സൂചിപ്പിക്കുന്നത്.
അതുപോലെ അംബേദ്കർ ചെയറിന് മാത്രം കാൽ കോടി രൂപ സർവകലാശാലയിൽ കെട്ടിവയ്ക്കണമെന്ന സിൻഡിക്കേറ്റ് തിരുമാനം പിൻവലിക്കണം. മതന്യൂനപക്ഷ വിഭാഗത്തിന് സർക്കാർ സൗജന്യമായി പണം നൽകുമ്പോൾ അംബേദ്കറോട് കാണിക്കുന്നത് അനീതിയും ആയിത്തവുമാണ്. കാലിക്കറ്റ് സർവകലാശാല ഒരേസമയം ദളിത് വിരുദ്ധതയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയും കേന്ദ്രമായിരിക്കുകയാണ്. ഇത് അപകടകരമാണ് സർക്കാരിന്റെ പിന്തുണയും മൗനവും അതിന്റെ പിന്നിലുണ്ട്. അംബേദ്കർ ചെയറിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറാകണം. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പട്ടികജാതിമോർച്ച സംസ്ഥാന ഗവർണർക്ക് പരാതി നൽകിയതായും സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.