ചെറായി: ചെറായി ബീച്ചും അനുബന്ധ സാഹചര്യങ്ങളും ഇണക്കിച്ചേർത്ത് ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഉൾപ്പെടെ സംവിധാനങ്ങളാണ് ചെറായി കേന്ദ്രമാക്കി വിഭാവനം ചെയ്യുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി മിലിട്ടറി പൊലീസ് മ്യൂസിയം നിർമ്മിക്കുന്നതിന് നടപടിയുണ്ടാകും. ടൂറിസം കോറിഡോർ സാക്ഷാത്കരിക്കും.
നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ എം.എൽ.എ. യുടെ ജനസമ്പർക്ക പരിപാടി നടത്തുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി നടത്തുന്ന ആശയവിനിമയ പരിപാടിയുടെ പള്ളിപ്പുറത്തെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം കുടുംബാരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യുന്നതിനും ഗ്യാസ് ക്രിമിറ്റോറിയം ഉള്ള ശ്മശാന നിർമ്മാണത്തിന് ഫണ്ട് ലഭ്യമാക്കുന്നതിനും അടിയന്തര പരിഗണന നൽകി നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി.
ക്ഷീരകർഷക ക്ഷേമത്തിനു അരക്കോടി
ക്ഷീരകർഷക ക്ഷേമത്തിനു സർക്കാർ അനുവദിക്കുന്ന 50 ലക്ഷം രൂപ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെലവഴിക്കുമെന്ന് എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ ഏറ്റവുമധികം ക്ഷീരകർഷകർ പള്ളിപ്പുറത്താണെന്നത് കണക്കിലെടുത്താണിത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണികൃഷ്ണൻ, കെ.എഫ്. വിൽസൺ, സെക്രട്ടറി ലോറൻസ് അൽമേഡ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ പൊതു ആവശ്യങ്ങളടങ്ങിയ നിവേദനം പ്രസിഡന്റ് എം.എൽ.എ യ്ക്കു കൈമാറി.