കൊച്ചി: ജില്ലയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും നേതാക്കളുടെ സ്വാർത്ഥതാല്പര്യങ്ങളും ഏകോപനക്കുറവും സമയോചിതമായ ഇടപെടലില്ലാത്തതും ജാഗത്രക്കുറവും തിരിച്ചടിയായി മാറിയെന്ന് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. വിജയിക്കാവുന്ന രണ്ടു മണ്ഡലങ്ങൾ നഷ്ടപ്പെട്ടതിൽ നേതാക്കൾക്കെതിരെ നിശിതമായ വിമർശനം ഉയർന്നു. നേതാക്കളുടെ പേരെടുത്താണ് പ്രവർത്തകർ കെ.പി.സി.സി നിയോഗിച്ച സമിതിക്ക് മുമ്പിൽ പരാതികളുടെ കെട്ടഴിച്ചത്.
അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ മഹിളാ കോൺഗ്രസും ഐ.എൻ.ടി.യു.സിയും കടുത്ത പ്രതിഷേധം അറിയിച്ചു. പ്രാദേശികമായി ബന്ധങ്ങളുള്ളവരെ അവഗണിച്ച് പുറത്തു നിന്നുള്ളയാളെ മത്സരിപ്പിച്ചതാണ് വൈപ്പിനിൽ തോൽവിക്ക് കാരണമായത്. വനിതകൾക്ക് ഒരു സീറ്റുപോലും നൽകാൻ തയ്യാറായില്ല. താഴേത്തട്ടിൽ ബന്ധമില്ലാത്ത നേതാക്കളാണ് തോൽവിക്ക് കാരണം.
മണ്ഡലങ്ങളുടെ ചുമതല വഹിച്ച നേതാക്കളിൽ പലരും കൃത്യമായ ഇടപെടലുകൾ നടത്തിയില്ല. ഓരോ ദിവസത്തെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കാത്തവരുണ്ട്. ആസൂത്രിതമായ പ്രവർത്തനം നടത്തുന്നതിൽ നേതാക്കളിൽ പലരും പരാജയപ്പെട്ടെന്നും പ്രവർത്തകർ പരാതിപ്പെട്ടു. മുതിർന്ന നേതാക്കളുടെ ഉൾപ്പെടെ പേരുകൾ എടുത്തു പറഞ്ഞാണ് പലരും പരാതികൾ വാക്കാലും രേഖാമൂലവും ഉന്നയിച്ചത്.
വി.സി. കബീർ അദ്ധ്യക്ഷനും പുനലൂർ മധു, ഖാദർ മങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് രണ്ടു ദിവസം ഡി.സി.സി ഓഫീസിൽ തെളിവെടുത്തത്. റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിക്കുമെന്ന് വി.സി. കബീർ പറഞ്ഞു.
ആരോപണങ്ങൾ
* ട്വന്റി 20 യെ ഗൗരവത്തിൽ കാണാത്തതാണ് കുന്നത്തുനാട്ടിൽ തോൽവിക്ക് കാരണം. സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കാത്തതും എൽ.ഡി.എഫിന്റെ ജയത്തിന് കാരണമായി. ഒരുവിഭാഗം സ്ഥാനാർത്ഥിക്കെതിരെയും പ്രവർത്തിച്ചു.
* യൂത്ത് കോൺഗ്രസിന് അനുവദിച്ച വൈപ്പിൻ മണ്ഡലത്തിൽ മുതിർന്ന നേതാക്കളിൽ പലരും ഫലപ്രദമായി പ്രവർത്തിച്ചില്ല. യൂത്ത് കോൺഗ്രസും വേണ്ടത്ര ജാഗ്രത കാട്ടിയില്ല. എൽ.ഡി.എഫിന് അനുകൂലമായി എസ്.ഡി.പി.ഐ വോട്ടുകൾ മറിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് പ്രവർത്തിച്ചു.
* കോതമംഗലത്ത് സ്ഥാനാർത്ഥിയുടെ പാർട്ടിയായ കേരള കോൺഗ്രസിലെ നേതാക്കൾ വരെ പ്രചാരണത്തിൽ സജീവമായില്ല.
* കളമശേരിയിൽ അനുയോജ്യനായ സ്ഥാനാർത്ഥിയെയല്ല മത്സരിപ്പിച്ചത്.