examination
ഏലൂർ പാതാളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതുന്നവർ

കളമശേരി: പ്രായം തളർത്താത്ത മനസുമായി കൊവിഡ്കാല പ്രതിസന്ധിയിലും ഇന്നലെ അവർ പരീക്ഷ എഴുതി. ബാബുവിനെ തോൽപ്പിക്കാനാവില്ല മക്കളേയെന്ന് കൊവിഡിനെ വെല്ലുവിളിച്ച് 58 കാരനായ ബാബു പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലിരുന്ന് പരീക്ഷ എഴുതി. സാക്ഷരതാമിഷന്റെ കീഴിൽ പ്ലസ്‌വൺ പരീക്ഷ 39 പേരും പ്ലസ് ടു 55 പേരുമാണ് തുല്യതാ പരീക്ഷയെഴുതുന്നത്. രണ്ടു ക്ലാസുകളിലായി പാതാളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ. സർക്കാർ ജീവനക്കാർ മുതൽ പൊതുമേഖല, സ്വകാര്യമേഖല, ദിവസ വേതനക്കാർ, വിരമിച്ചവർ തുടങ്ങി വീട്ടമ്മമാർവരെ തുല്യതാപഠനക്ലാസിലെ സജീവ സാന്നിദ്ധ്യമാണ്.

62 വയസുള്ള രാധാകൃഷ്ണനാണ് പ്രായത്തിൽ സീനിയർ. കവി ശിവൻ മുപ്പത്തടവും വിജയശ്രീലാളിതനാവാൻ കൂടെയുണ്ട്. വി.വി. സിനിയാണ് സെന്റർ കോ ഓർഡിനേറ്റർ, ആർ. ബിജുമോൻ, ജയൻ മാലിൽ, ചിഞ്ചു മോഹൻ, റാഷിദ റഹിം, റജിമുന്നീസ, പഞ്ചമി എന്നിവരായിരുന്നു വിവിധ വിഷയങ്ങൾ പഠിപ്പിച്ച അദ്ധ്യാപകർ.

നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ്, പ്രിൻസിപ്പൽ വി.ടി. വിനോദ് തുടങ്ങിയവർ പഠിതാക്കൾക്ക് ആശംസ നേരാനെത്തിയിരുന്നു.