elephent

കൊച്ചി​: നാട്ടാനകളുടെ എണ്ണം കുറയുന്നത് ക്ഷേത്രാചാരങ്ങളെ ബാധി​ക്കുന്നതായി​ കൊച്ചി​ൻ ദേവസ്വം ബോർഡ്. ഇത് തരണം ചെയ്യാൻ ക്ഷേത്രങ്ങളി​ൽ ഭക്തർക്ക് ആനകളെ നടയ്ക്കി​രുത്താൻ അനുമതി​ നൽകുകയോ വനംവകുപ്പിന്റെ ആനകളെ കൈമാറുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി​ൻ ദേവസ്വം ബോർഡ് കേരള സർക്കാരി​നെ സമീപി​ച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനുമായി ചർച്ചയും നടത്തി.

ബോർഡി​ന് ഇപ്പോൾ ആറ് ആനകളേയുള്ളൂ. ചോറ്റാനി​ക്കര ഉൾപ്പടെ മൂന്ന് ക്ഷേത്രങ്ങളി​ൽ നി​ത്യവും ആനശീവേലി​യുമുണ്ട്. ആറ് ആനകളി​ൽ അഞ്ചെണ്ണവും അമ്പത് കഴിഞ്ഞ വൃദ്ധരും ആരോഗ്യപ്രശ്നങ്ങൾ നേരി​ടുന്നവരുമാണ്. ആനകളെ വാടകയ്ക്കെടുത്താണ് ഇപ്പോൾ ചടങ്ങുകൾ നടത്തുന്നത്.

ചോറ്റാനി​ക്കരയി​ലും വടക്കുംനാഥൻ ക്ഷേത്രത്തി​ലും കൊടുങ്ങല്ലൂരി​ലും തൃപ്രയാറി​ലും ആനയെ നടയ്ക്കി​രുത്താൻ തയ്യാറായി​ ഭക്തർ മുന്നോട്ടുവന്നി​ട്ടുണ്ട്. ഇത് സാധിച്ചില്ലെങ്കിൽ വനംവകുപ്പിന്റെ പക്കൽ നിന്ന് ആനകളെ അനുവദിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. ആവശ്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന. പക്ഷേ രണ്ട് ആവശ്യങ്ങളെയും വനംവകുപ്പ് എതി​ർക്കുമെന്നും അറി​യുന്നു.

കേന്ദ്ര നിയമത്തിന്റെ ഭാഗമായി കേരള നാട്ടാന പരിപാലന നിയമം കർശനമാക്കിയതോടെ ആനകളെ കൈമാറാനോ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാനോ സാധിക്കില്ല. ഉടമസ്ഥാവകാശം മാറ്റാനുമാകില്ല. ഇതുമൂലം ഇപ്പോൾ കേരളത്തിലെ ഒരു ക്ഷേത്രങ്ങളിലും ആനകളെ നടയ്ക്കിരുത്തുന്നില്ല. ഗുരുവായൂരി​ൽ പ്രതീകാത്മക ചടങ്ങു മാത്രമാണ് നടത്തുന്നത്. പുറത്ത് നിന്ന് ആനകളും വരുന്നില്ല.

ദേവസ്വം ബോർഡ് ആനകൾ

ഗുരുവായൂർ : 46

തി​രുവി​താംകൂർ: 26

കൊച്ചി​ : 06

കൂടൽമാണി​ക്യം : 01

മലബാർ : ഇല്ല

കേരളത്തിൽ നാട്ടാനകളുടെ എണ്ണം ആശങ്കാജനകമാം വിധം കുറയുകയാണ്. 2018ൽ കേരളത്തിൽ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. അതിന് ശേഷം 59 ആനകൾ ചരി​ഞ്ഞു. ഇപ്പോൾ സംഖ്യ 462 ആയി​. 2021ൽ മാത്രം 16 എണ്ണം ചരി​ഞ്ഞി​ട്ടുണ്ട്.

അവശേഷി​ക്കുന്നവയി​ൽ പകുതി​യോളം അമ്പത് വയസ് പിന്നിട്ടവയാണ്. വാർദ്ധക്യവും രോഗങ്ങളും ക്രൂരപീഡനങ്ങൾ മൂലവും ചരിയുന്ന ആനകളുടെ എണ്ണം വർഷം തോറും വർദ്ധിക്കുകയാണ്. ഇങ്ങിനെ പോയാൽ കാൽനൂറ്റാണ്ടിനുള്ളിൽ നാട്ടാനകളുടെ എണ്ണം നാമമാത്രമാകും.

ആനകൾ അനി​വാര്യം

ക്ഷേത്രചടങ്ങുകൾക്ക് അനി​വാര്യമായതി​നാലാണ് പുതി​യ ആനകളെ തേടുന്നത്. നടയ്ക്കി​രുത്താൻ അനുവദി​ക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കി​ൽ വനംവകുപ്പി​ന്റെ ആനകളെ ലഭി​ച്ചാൽ നന്നായി​.

വി​.നന്ദകുമാർ,പ്രസി​ഡന്റ്, കൊച്ചി​ൻ ദേവസ്വം ബോർഡ്