ആലുവ: കൊവിഡ് വ്യാപനത്തെത്തുടർന്ന് എടത്തല പഞ്ചായത്ത് ഡി കാറ്റഗറിയിലായത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആക്ഷേപം. പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി. ഡി കാറ്റഗറിയിലായിട്ടും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്നും ഭരണനേതൃത്വം വീഴ്ചവരുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷബീർ ആരോപിച്ചു.

ആലുവ മേഖലയിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പഞ്ചായത്താണിത്. കോളനികളും കൂടുതലായതിനാൽ രോഗപ്രതിരോധ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ വ്യാപനം ഇനിയും രൂക്ഷമാകും. ഇത് ബോധ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. നിലവിൽ 272 രോഗികൾ പഞ്ചായത്തിലുണ്ട്. ചുണങ്ങംവേലി, മുതിരക്കാട്ടുമുകൾ, കുഴിവേലിപ്പടി, കോമ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ രോഗികൾ. വാക്‌സിൻ വിതരണത്തിലും വീഴ്ചയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വാക്സിൻ സെന്ററിൽ താത്കാലിക ഡോക്ടറെ നിയമിക്കാത്തതിനാൽ വാക്‌സിൻ വിതരണം ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്.

രോഗവ്യാപനം കൂടുമ്പോഴും പാടശേഖരം വാങ്ങി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കാനുള്ള തിരക്കിലാണ് അധികതരെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഭരണനേതൃത്വം കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കണമെന്നാണ് ആവശ്യം.

വാക്സിനേഷൻ സെന്റർ ഇന്ന് തുറക്കും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഇന്നലെ വിളിച്ചിരുന്ന പഞ്ചായത്തുതല ജാഗ്രതാസമിതി അംഗങ്ങളുടെ പങ്കാളിത്തക്കുറവിനെത്തുടർന്ന് നടന്നില്ല. യോഗത്തിനെത്തിയ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരുമായി സംസാരിച്ച് ഇന്നുമുതൽ എടത്തല സഹകരണ ബാങ്ക് ഹാളിൽ വാക്സിനേഷൻ സെന്റർ പുനരാരംഭിക്കാൻ തീരുമാനമായി. ഇതിനായി ഡോക്ടർ, രണ്ട് നഴ്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ താത്കാലികമായി കണ്ടെത്തിയതായും പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിൽ പഞ്ചായത്തിന് വീഴ്ചയുണ്ടായിട്ടില്ല. ടി.പി.ആർ നിരക്ക് കുറക്കാൻ പരിശോധനാ ക്യാമ്പുകൾ നടത്തുന്നുണ്ട്. ജാഗ്രതാ സമിതികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.