കൊച്ചി: മത്സ്യത്തൊഴിലാളി സമൂഹത്തിനും തലമുറകളായി തീരപ്രദേശത്ത് താമസിക്കുന്നവർക്കും തീരമേഖല മാനേജ്മെന്റ് പ്ലാനിൽ നീതി ലഭിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി.
സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കിയാലുടൻ കാലതാമസം കൂടാതെ വിജ്ഞാപനം അന്തിമമാക്കുന്ന നടപടിക്ക് കേന്ദ്രം തയ്യാറാണെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ടി.എൻ. പ്രതാപൻ എം.പിയും ഒപ്പമുണ്ടായിരുന്നു.
നിലവിൽ പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനം ജില്ലയിൽ കൊച്ചി കോർപ്പറേഷന് പുറമെ
പറവൂർ, ഏലൂർ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, മരട് നഗരസഭകളെയും വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര, ചിറ്റാറ്റുകര, പള്ളിപ്പുറം, കുന്നുകര, കരുമാല്ലൂർ, കോട്ടുവള്ളി, ഏഴിക്കര, കുഴപ്പിള്ളി, എടവനക്കാട്, ആലങ്ങാട്, നായരമ്പലം, വരാപ്പുഴ, കടുങ്ങല്ലൂർ, കടമക്കുടി, ഞാറക്കൽ, ചേരാനല്ലൂർ, എളംകുന്നപ്പുഴ, മുളവുകാട്, ചെല്ലാനം, കുമ്പളം, കുമ്പളങ്ങി, ഉദയംപേരൂർ, ആമ്പല്ലൂർ എന്നീ പഞ്ചായത്തുകളെയുമാണ് ബാധിക്കുന്നത്. ഇതുൾപ്പെടുന്ന വില്ലേജുകളിലെ ഓരോ സർവേനമ്പരും ഉൾപ്പെടുത്തിയുള്ള വിശദമായ ഭൂരേഖയാണ് തയ്യാറായിട്ടുള്ളത്.