കൊച്ചി: എറണാകുളത്ത് നടന്ന നേതൃയോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് നാല് ജില്ലാ നേതാക്കളെ സസ്‌പെൻഡ് ചെയ്തതായി ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗം. ജില്ലാ ട്രഷറർ ടി.എം.ഇസ്മയിൽ, പറവൂർ മണ്ഡലം പ്രസിഡന്റ് ഒ.എച്ച്.മനാഫ്, എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.എം.ജോർജ്, ജില്ലാ കമ്മിറ്റി അംഗം ഹമീദ് എന്നിവരെയാണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
ഞായറാഴ്ച നടന്ന നേതൃയോഗത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയത് കോഴിക്കോട്ടു നിന്നെത്തിയ ഗുണ്ടകളാണെന്നും നേതാക്കൾ ആരോപിച്ചു. കോഴിക്കോട് ഒഴികെയുള്ള 13 ജില്ലാക്കമ്മിറ്റികളും തങ്ങൾക്കൊപ്പമാണെന്ന് ഇവർ അവകാശപ്പെട്ടു. സ്ഥാനമോഹികളാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ച നേതാക്കൾ വിഷയത്തിൽ ഇടതു നേതാക്കൾ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ.എ.മുഹമ്മദ് നജീബ്, സെക്രട്ടറി ഹാഫിൽ, സലാം മാനാടത്ത്, കെ.എം.എ.ജലീൽ, റൈഹാൻ പറക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.